Friday, 30 November 2012

മേളയില്‍ സ്‌ത്രീശബ്ദമായി 25 ചിത്രങ്ങള്‍


ലോകസിനിമയിലെ ശക്തമായ സ്‌ത്രീസാന്നിധ്യം പ്രകടമാകുന്ന സംവിധായികമാരുടെ നീണ്ട നിര ഇത്തവണത്തെ കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകതയാണ്‌. ശദ്ധേയരായ 24 വനിതാസംവിധാകരുടെ 25 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പുരുഷ സംവിധായകരുടെ സിനിമകളോട്‌ ഒപ്പത്തിനൊപ്പം ചേര്‍ത്ത്‌ വയ്‌ക്കാവുന്നതാണ്‌ തങ്ങളുടേയും ചിത്രങ്ങളെന്ന്‌ വിളിച്ചോതുന്നവയാണിവ. ചലച്ചിത്രലോകത്തിന്റെ മുഖ്യധാരയിലേക്കുള്ള സ്‌ത്രീകളുടെ കടന്നുവരവിന്റെ പ്രതിഫലനമാണ്‌ ഈ ചിത്രങ്ങള്‍. ഹെലേന ഇഗ്നസ്‌, ബെല്‍മിന്‍ സോയല്‍യമസ്‌, സുമിത്രാ ഭാവേ, അജിത്‌ സുചിത്ര വീര, മരിയാം അബൗ അൗഫ്‌, റേച്ചല്‍ പെര്‍ക്കിന്‍സ്‌, ദീപ മേത്ത തുടങ്ങിവരുടെ സൃഷ്ടികളാണ്‌ മേളയ്‌ക്ക്‌ മേമ്പൊടിയേകാനെത്തുന്നത്‌.

ബൈറോണ്‍ കെന്നഡി അവാര്‍ഡും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര സ്ഥാപനത്തിന്റെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും നേടിയ റേച്ചല്‍ പെര്‍ക്കിന്‍സിന്റെ വണ്‍ നൈറ്റ്‌ ദ മൂണും ട്രെയ്‌സ്‌ മൊഫറ്റിന്റെ ബീ ഡെവിളും മേളയില്‍ ഓസ്‌ട്രേലിയന്‍ ഇന്റീജീനിയസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1959 ലെ എലൈയില്‍ തുടങ്ങി 2009 ലെ ദോന ദെ പൗസാദെയിലെ അഭിനയത്തില്‍ എത്തിനില്‍ക്കുന്ന നടിയും തിരക്കഥാകൃത്തുമായ ബ്രസീലിയന്‍ സിനിമയിലെ സ്‌ത്രീസാന്നിധ്യം ഹെലേന ഇഗ്നസിന്റെ രണ്ട്‌ ചിത്രങ്ങളാണ്‌ അവരുടെ തന്നെ റിട്രോയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ലൊകാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ്‌ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്‌ത ചിത്രമാണ്‌ ഹെലേനയുടെ ഡാര്‍ക്ക്‌ ഇന്‍ നൈറ്റ്‌ .

റോബര്‍ട്ടാ മാര്‍കേസിന്റെ സ്‌ത്രീകളെക്കുറിച്ചുള്ള സ്‌ത്രീകള്‍ മാത്രം അഭിനയിച്ച റാനിയ, പിതാവായ ജൂലിയോ ബ്രസ്‌നയുടെ ചിത്രങ്ങള്‍ക്ക്‌ സഹസംവിധായികയായിരുന്ന നോയാ ബ്രസ്‌നയുടെ ആദ്യസംരംഭമായ 2009ലെ ബെലായര്‍, വ്യക്തിഗത ചിത്രങ്ങളില്‍ താത്‌പര്യമുള്ള സോഫി ലെറ്റോണറുടെ ചിക്‌സ്‌, ഗവേഷകയും അധ്യാപികയും സംവിധായികയുമായ റെബേക്ക സ്ലോറ്റോവിസ്‌കി ബെല്ലെ ഇപ്പിനെ തുടങ്ങിയ ചിത്രങ്ങളും മേളയ്‌ക്കെത്തും.

ഇന്തോ-കനേഡിയന്‍ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായ ദീപ മേത്തയുടെ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ സല്‍മാന്‍ റുഷ്‌ദിയുടെ വിവാദ പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ ചിട്ടപ്പെടുത്തിയതാണ്‌. 2012 ല്‍ ഗവര്‍ണര്‍ ജനറലിന്റെ പെര്‍ഫോമിംഗ്‌ ആര്‍ട്ട്‌സിനുള്ള ലൈഫ്‌ ടൈം ആര്‍ട്ടിസ്റ്റിക്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നേടിയ ദീപയുടെ ട്രിലജി (ഫയര്‍ 1996, എര്‍ത്ത്‌ 1998, വാട്ടര്‍ 2000) പ്രശസ്‌തമാണ്‌. മറാത്തി സിനിമയുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ച സംവിധായികയാണ്‌ സുമിത്രാ ഭാവേ. സുനില്‍ സുഖതാന്‍കറുമായി ചേര്‍ന്ന്‌ 25 വര്‍ഷമായി സിനിമരംഗത്ത്‌ സജീവമായ ഇവരുടെ സംവിധാന സംരംഭത്തിന്‌ മൂന്ന്‌ അന്തര്‍ദേശീയ അവാര്‍ഡും, ആറ്‌ ദേശീയ അവാര്‍ഡും 45 സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌.

2003 ല്‍ ഓസ്‌കാറിനായി നാമനിര്‍ദ്ദേശം ലഭിച്ച ഹ്രസ്വചിത്രം നോട്ട്‌സ്‌ ഓണ്‍ ഹെറിന്റെ സംവിധായിക അജിത സുചിത്ര വീരയുടെ എ അന്‍നെയിംഡ്‌ പോയെം, ഇമേജസ്‌ , കാവോസ്‌ തുടങ്ങിയ പത്തോളം ചിത്രങ്ങള്‍ ലോകപ്രശസ്‌തമാണ്‌. കലയിലും പരീക്ഷണസിനിമയിലും അഭിരുചിയുള്ള വീരയുടെ ദ ബെല്ലാര്‍ഡോ റെസ്റ്റം ആണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. നാടകചിത്രങ്ങളില്‍ തത്‌പരയായ ഈജിപ്‌റ്റിലെ സംവിധായികയായ മരിയാം അബൗ അൗഫ്‌ നടനായ ഏഴാമത്‌ അബൗ അൗഫിന്‍െറ മകളാണ്‌. മരിയയുടെ പിറോഗാണ്‌ മേളയ്‌ക്കെത്തുന്നത്‌. ഇസ്‌താംബൂളില്‍ ജനിച്ച ബെല്‍മിന്‍ സോയല്‍യമസിന്റെ ആദ്യമുഴുനീള ചലച്ചിത്രമാണ്‌ പ്രസന്റന്‍സ്‌

കുട്ടിക്കാലം, പ്രണയം, കുടുംബബന്ധം, ജീവിതത്തകര്‍ച്ച, വിരഹം എന്നീ ജീവിതഗന്ധിയായ വിഷയങ്ങളാണ്‌ സ്‌ത്രീ ചിത്രങ്ങളിലെ പൊതുവായി ഇതിവൃത്തമാക്കിയിരിക്കുന്നത്‌. സംവിധായികമാരുടെ അഭ്രപാളിയിലെ ലോകവീക്ഷണം വനിതാ പ്രേക്ഷകര്‍ക്കും നവ്യാനുഭവമായിരിക്കും. 

No comments:

Post a Comment