കേരള രാജ്യാന്തര ചലച്ചിത്രമേള
യുവത്വത്തിന്റെ പരിഛേദമായി അഡോളസന്‍സ് ചിത്രങ്ങള്‍
യുവതയുടെ ആഘോഷവും ആശങ്കകളും ആകാംക്ഷയും പ്രതിനിധാനം ചെയ്യുന്ന 'അഡോളസന്‍സ് ചിത്രങ്ങള്‍' പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകതയാണ്. ഫ്രാന്‍സിലെ അഞ്ച് സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് സിനിമയിലെ യുവത്വം ചര്‍ച്ചാവിഷയമാകുന്നത്. സുഹൃദ് വലയത്തേയും സ്‌നേഹബന്ധങ്ങളേയും വരച്ചു കാട്ടുന്ന ചിത്രങ്ങള്‍ പാരീസിലെ യുവജനതയുടെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്നവയാണ്. 2009 ലെ കാന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിക്‌സ് മേളയ്‌ക്കെത്തുന്നു.ദ ഫ്രെഞ്ച് കിസ്സേര്‍സ് , ബെല്ലേ ഇപിനേ, ലൗ ലൈക്ക് പോയ്‌സണ്‍, മെമ്മറി ലൈന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
ഹാങ്‌ഓവര്‍, മാന്‍ന്യൂന്‍ ബൊലൊണൈസ്, റോക്ക് എ കാനിയോണ്‍ എന്നി ഡോക്യുമെന്ററികളുടെ സംവിധായികയായ സോഫിലെറ്റോണ്‍ 2009 ല്‍ സംവിധാനം ചെയ്‌ത ആദ്യ സിനിമയാണ് ചിക്‌സ്. പാരീസിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന 'റാഞ്ച്' എന്നറിയപ്പെടുന്ന ഒരുസംഘം യുവതികളുടെ ജീവിതമാണ് ഇതിലെ പ്രമേയം. പുരുഷന്മാരെപ്പോലെ മദ്യപിച്ചും പുകവലിച്ചും പാര്‍ട്ടിയില്‍ പങ്കുചേര്‍ന്നും സ്വാതന്ത്ര്യം അനുഭവിക്കുന്ന യുവതികളെക്കുറിച്ചുള്ള ചിത്രം സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നു.
പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റായ റിയാദ് സാറ്റൗസിന്റ ആദ്യ ചിത്രമായ ദ ഫ്രെഞ്ച് കിസ്സേര്‍സ് സുഹൃത്തുക്കളായ ഹെര്‍വിന്റേയും കാമലിന്റെയും മനോരാജ്യത്തെ ചിത്രീകരിക്കുന്നു. പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വിമുഖത കാട്ടിയിരുന്ന ഇവരില്‍ ഒരാള്‍ പ്രണയബന്ധത്തിലേര്‍പ്പെടുന്നതാണ് ഇതിവൃത്തം.
ജിമ്മി റിവീരെ എന്ന ചിത്രമുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള റെബേക്ക സ്ലോറ്റോവിസ്‌കിയുടെ പ്രഥമ സംവിധാന സംരംഭമാണ് ബെല്ലേ ഇപിനേ. അമ്മയുടെ മരണം നല്‍കിയ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്ന പതിനേഴുകാരിയായ പ്രൂഡന്‍സ് ഫ്രൈമാന്റെ കഥയാണിത്. യൗവനത്തിന്റെ പക്വതയില്ലായ്‌മയില്‍ നിന്നും കൊള്ളസംഘത്തിലെത്തിപ്പെടുന്ന അവളുടെ ജീവിതമാണ് ചിത്രത്തില്‍.
ഹ്രസ്വചിത്രത്തിനുള്ള സീസര്‍ അവാര്‍ഡിനായി നാമനിര്‍ദേശംചെയ്യപ്പെട്ട കാറ്റെല്‍ ക്യുലെവിറെയുടെ ചിത്രമാണ് ലൗ ലൈക്ക് പോയ്‌സണ്‍. സ്‌നേഹം സന്തോഷിപ്പിക്കുമെങ്കിലും യാഥാര്‍ഥ്യത്തിന്റെ തലങ്ങളിലേക്കെത്തുമ്പോള്‍ അത് അപകടം വിതയ്‌ക്കുമെന്ന സന്ദേശം ഇതില്‍ ഉള്‍ക്കൊള്ളുന്നു. അവധിക്കാലത്ത് വീട്ടിലെത്തിയ അന്നയുടെ കുടുംബപശ്ചാത്തലത്തെയും പള്ളിയിലെ പാട്ടുകാരനുമായുള്ള പ്രണയബന്ധത്തെയും കുറിക്കുന്ന ചിത്രമാണിത്.
കാന്‍സിലെ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് വീക്ക് തിരഞ്ഞെടുത്ത ഷാരേല്‍ ഉള്‍പ്പെടെയുള്ള നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്‌ത മിഖായേല്‍ ഹെര്‍സിന്റെ ആദ്യ കഥാചിത്രമായ മെമ്മറി ലൈന്‍ ബാല്യകാലം അന്വേഷിച്ച് ജോലിക്കായും അലസത അകറ്റാനുമായി പാരീസിലെത്തിച്ചേര്‍ന്ന ഏഴു സുഹൃത്തുക്കളുടെ സംഘത്തെ ചിത്രീകരിക്കുന്നു. അടിച്ചുപൊളിയും സൗഹൃദജീവിതവും ഈ ചിത്രം പ്രതിനിധാനം ചെയ്യുന്നു.
No comments:
Post a Comment