Wednesday, 28 November 2012

സിനിമയിലെ വ്യത്യസ്‌തതയുമായി പോള്‍ കോക്‌സ്‌

പ്രശസ്‌തനായ ആസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സിന്റെ അഞ്ച്‌ ചിത്രങ്ങള്‍ പതിനേഴാമത്‌ രാജ്യാന്തര ചലച്ചിത്രമേളയിലെ റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന്‌ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‌ത പോള്‍ കോക്‌സിന്റെ ഇന്നസെന്‍സ്‌, സാല്‍വേഷന്‍, മാന്‍ ഓഫ്‌ ഫ്‌ളവേഴ്‌സ്‌, എ വിമന്‍സ്‌ ടെയ്‌ല്‍, മൈ ഫസ്റ്റ്‌ വൈഫ്‌ എന്നീ ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
നാല്‍പ്പത്‌ വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷം തങ്ങളുടെ കൗമാരകാലത്തെ പ്രണയത്തിലേക്ക്‌ അതേ തീവ്രതയോടെ തിരിച്ചുപോവുന്ന രണ്ട്‌ കമിതാക്കളുടെ കഥപറയുന്ന ചിത്രമാണ്‌ ഇന്നസെന്‍സ്‌. രണ്ടായിരത്തിലെ തവോര്‍മിന ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്സി പുരസ്‌ക്കാരങ്ങളടക്കം എട്ടോളം അന്താരാഷ്ട്ര ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്‌.

2008 ല്‍ പുറത്തിറങ്ങിയ സാല്‍വേഷന്‍ എന്ന ചിത്രം ഇറിന എന്ന റഷ്യന്‍ വേശ്യയുമായി സമ്പര്‍ക്കത്തിലാവുന്ന ബാരിയെന്ന വൃദ്ധനായ പണ്ഡിതന്റെ കഥ പറയുന്നു.1983 ലെ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരം നേടിയ ചിത്രമാണ്‌ മാന്‍ ഓഫ്‌ ഫ്‌ളവര്‍സ്‌. കലാവസ്‌തുക്കളും പൂക്കളും സ്‌ത്രീകള്‍ വിവസ്‌ത്രരാകുന്നത്‌ കാണുന്നതുമാണ്‌ ജീവിതത്തതിന്റെ മൂന്ന്‌ സൗന്ദര്യബിംബങ്ങളെന്ന്‌ വിശ്വസിക്കുന്ന വിചിത്രസ്വഭാവമുള്ള ഒരു വൃദ്ധന്റെ കഥയാണ്‌ ചിത്രത്തിന്റെ പ്രമേയം.
എ വുമണ്‍സ്‌ ടെയ്‌ല്‍ എന്ന ചിത്രം കാന്‍സര്‍ രോഗം ബാധിച്ച്‌ മരണാസന്നയായി കഴിയുന്ന ഒരു വൃദ്ധയുടെ അവസാനദിനങ്ങളെ ചിത്രീകരിക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷീലാ ഫ്‌ളോറന്‍സ്‌ എന്ന നടി ചിത്രീകരണസമയത്ത്‌ യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ ബാധിതയായിരുന്നു എന്നത്‌ വിചിത്രമായൊരു വസ്‌തുതയാണ്‌.പത്തുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന്‌ ശേഷം ഭാര്യ ഉപേക്ഷിച്ചുപോയ ജോണ്‍ എന്ന സംഗീതജ്ഞന്റെ ജീവിതമാണ്‌ മൈ ഫസ്റ്റ്‌ വൈഫിന്റെ പശ്ചാത്തലം.

പ്രണയവും പ്രതീക്ഷയും ഏകാന്തതയുമൊക്കെ പ്രമേയങ്ങളായി വരാറുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലളിതവും സാധാരണവുമാണ്‌. നടീനടന്മാരുടെ പ്രകടനത്തിലും കഥപറയുന്ന ശൈലിയിലും പ്രത്യേകത പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഛായാഗ്രഹണവും വളരെ മികച്ചതാണ്‌. സംഗീതത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്ന സംവിധായകരിലൊരാളാണ്‌ പോള്‍ കോക്‌സ്‌. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയക്ക്‌ പുറത്താണ്‌ കൂടുതല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.

പോള്‍ കോക്‌സ്‌ 1972 ല്‍ ആദ്യത്തെ ചലച്ചിത്രമായ ദ ജേര്‍ണി സംവിധാനം ചെയ്‌തു. തന്റേതുള്‍പ്പെടെയുള്ള ഏഴ്‌ ചിത്രങ്ങളില്‍ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങള്‍ക്ക്‌ തൂലിക ചലിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. വൈകാരികവും സങ്കീര്‍ണ്ണവുമായ ജീവിത മുഹൂര്‍ത്തങ്ങളെ അഭ്രപാളിയില്‍ അവതരിപ്പിച്ച പോള്‍ കോക്‌സിന്റെ മനോഹരമായ അഞ്ച്‌ ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക്‌ വ്യത്യസ്‌തമായൊരു കാഴ്‌ച്ചാനുഭവമായിരിക്കും.



No comments:

Post a Comment