Monday, 26 November 2012

ആഫ്രിക്കന്‍ കാഴ്‌ചകളുമായി പിയറി യമാഗോയും ചിത്രങ്ങളും


ആഫ്രിക്കന്‍ ചലച്ചിത്രരംഗത്ത്‌ ഏറെ പ്രശസ്‌തനായ പിയറി യമാഗോയുടെ ആറു ചിത്രങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ചലച്ചിത്രമേളയ്‌ക്ക്‌ സജീവസാന്നിധ്യമായി ഏഴു ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. രാഷ്ട്രീയവും നര്‍മവും അനീതികള്‍ക്കെതിരെയുളള പ്രതികരണങ്ങളുമാണ്‌ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചലച്ചിത്ര വ്യവസായത്തിന്റേയും പശ്ചിമ ആഫ്രിക്കയുടേയും ചരിത്രം പരിശോധിച്ചാല്‍ പിയറി യമാഗോ ജനിച്ച ബര്‍ക്കിനോ ഫാസോയുടെ പ്രധാന്യം വ്യക്തമാകും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കഥാചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്‌ ഇവിടെയാണ്‌. ബര്‍ക്കിനോയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്നവരില്‍ പലരും അന്തര്‍ദേശീയതലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്‌ അര്‍ഹരായവരാണ്‌. അക്കൂട്ടത്തില്‍ പ്രഥമഗണനീയനാണ്‌ പിയറി യമാഗോ. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന പിയറി ഫോട്ടോഗ്രാഫിയിലേക്കും പിന്നീട്‌ സംവിധാനത്തിലേക്കും തിരിയുകയായിരുന്നു.
ആഫ്രിക്കയിലെ ജീവിതത്തെ ശാന്തമായി വീക്ഷിക്കുന്ന സംവിധായാകനാണ്‌ പിയറി. സാമ്പത്തിക രംഗത്ത്‌ ഇടപെടാന്‍ കഴിയാത്ത സാധാരണക്കാരുടെ കഥപറയുകയാണ്‌ അദ്ദേഹത്തിന്റെ ശൈലി. ഏവര്‍ക്കും മനസ്സിലാകുന്നവിധമാണ്‌ ചിത്രീകരണം. സാമൂഹിക സാഹചര്യത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ത്തന്നെ, ജനങ്ങളുടെ പാരമ്പര്യത്തെ മുഖ്യവിഷയമാക്കുന്ന സംവിധായകനാണ്‌ പിയറി യമാഗോ.
ഡെല്‍ വെന്‍ഡെ (2005), മി ആന്‍ഡ്‌ മൈ വൈറ്റ്‌ ഗൈ (2005), വെന്‍ഡമി (1993), ലാഫി ടോ വാ ബിയന്‍ (1991), സില്‍മാന്‍ഡെ (1998), ഡുനിയ (1987) എന്നിവയാണ്‌ മേളയ്‌ക്കെത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
ആഫ്രിക്കന്‍ ഗ്രാമങ്ങളിലെ പരമ്പരാഗതമായ ലൈംഗികവാഴ്‌ചകളെക്കുറിച്ചും അനുവര്‍ത്തിച്ചുവരുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ്‌ ഡെല്‍ വെന്‍ ഡെ. 2005 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹോപ്‌ പ്രൈസ്‌ അവാര്‍ഡ്‌ നേടിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. അന്തര്‍ദ്ദേശീയതലത്തില്‍ പിയറിയ്‌ക്ക്‌ ഒട്ടേറെ പ്രശംസ നേടിക്കൊടുത്തതാണീ ചിത്രം.
നര്‍മത്തില്‍ ചാലിച്ച ചിത്രമാണ്‌ 89 മിനിട്ട്‌ ദൈര്‍ഘ്യമുള്ള മി ആന്‍ഡ്‌ മൈ വൈറ്റ്‌ ഗൈ. വര്‍ണവിവേചനത്തിനെതിരെയും സാമൂഹികതിന്മകള്‍ക്കെതിരെയും മറ്റനാചാരങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതാണീ ചിത്രം. സ്വത്വത്തെ തേടിയലയുന്ന ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയുടെ യാത്രയുടെ കഥപറയുന്ന ചിത്രമാണ്‌ 1993 ല്‍ പുറത്തിറങ്ങിയ വെന്‍ഡമി. ജോ എന്ന കൗമാരക്കാരനും കൂട്ടുകാരും നേരിടേണ്ടിവരുന്ന ഞെട്ടിപ്പിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ ലാഫി ടോ വാ ബിയനില്‍ സംവിധായകന്‍ കോറിയിടുന്നു.
യമാഗോ എഴുതി സംവിധാനം ചെയ്‌ത സില്‍മാന്‍ഡെ ആഫ്രിക്കന്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെക്കുറിച്ചുള്ളതാണ്‌. അടുത്തകാലത്ത്‌ പുറത്തിറങ്ങിയ ആഫ്രിക്കല്‍ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം നാല്‌ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. മികച്ച സ്‌കൂളില്‍ പഠിക്കുന്നതിനുള്ള സര്‍ക്കാര്‍ വാഗ്‌ദാനം ലഭിക്കുന്ന പത്തു വയസ്സുകാരി നോംഗ്‌മ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ളതാണ്‌ ദുനിയ. നഗരത്തിലേയും ഗ്രാമത്തിലേയും സ്‌തീകള്‍ക്ക്‌ നേരിടേണ്ടിവരുന്ന സാമൂഹിക -സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നു.
ആഫ്രിക്കയിലെ പ്രത്യേകിച്ചും ബര്‍ക്കിനോ ഫാസോയിലെ ജനതയെയും സംസ്‌കാരത്തെയും രാഷ്‌ട്രീയത്തേയും ലോകത്തിനു മുന്നിലെത്തിക്കുന്നവയാണ്‌ പിയറിയുടെ ചിത്രങ്ങള്‍. സാധാരണക്കാരുടെ കഥപറയുന്ന ലളിതവും മനോഹരവുമായ ചിത്രങ്ങള്‍. ഈ ആറു ചിത്രങ്ങളും ചലച്ചിത്രമേളയ്‌ക്ക്‌ വ്യത്യസ്‌ത അനുഭവും തന്നെയായിരിക്കും. 

No comments:

Post a Comment