Tuesday, 11 December 2012

രണ്ടാം പ്രദര്‍ശനം ഒഴിവാക്കിയത്‌ വിതരണക്കാരുടെ താത്‌പര്യം : ദീപ മേത്ത

മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്റെ രണ്ടാം പ്രദര്‍ശനം ഒഴിവാക്കിയതിന്‌ പിന്നില്‍ വിതരണക്കാരുടെ താത്‌പര്യം മാത്രമാണെന്നും ചിത്രം നിരോധിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും ദീപ മേത്ത വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്രമേളയോടനനുബന്ധിച്ച്‌ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ഫെമിനിസ്റ്റ്‌ സംവിധായിക എന്നതിനേക്കാള്‍ ഹ്യൂമനിസ്റ്റ്‌ സംവിധായിക എന്നറിയപ്പെടാനാണ്‌ തനിക്ക്‌ താത്‌പര്യമെന്ന്‌ ദീപ മേത്ത പറഞ്ഞു.
സാഹിത്യ രചനകള്‍ക്ക്‌ ചലച്ചിത്ര ഭാഷ്യം രചിക്കുക എപ്പോഴും ശ്രമകരമാണെന്നും നാം എങ്ങനെ അവയെ സമീപിക്കുന്നു എന്നതാണ്‌ പ്രധാനമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി, കാര്യങ്ങള്‍ നല്ലതായാലും മോശമായാലും പ്രതീക്ഷയ്‌ക്ക്‌ ഒരിക്കലും അവസാനമുണ്ടാകുന്നില്ല എന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. മാജിക്‌ റിയലിസമെന്നാല്‍ പേരിന്‌ വേണ്ടിയുള്ള കാട്ടിക്കൂട്ടല്‍ എന്ന രീതിയില്‍ അല്ല താന്‍ സമീപിച്ചത്‌. കഥയ്‌ക്ക്‌ അനിവാര്യമായവ മാത്രമാണ്‌ മിഡ്‌നൈറ്റ്‌ ചില്‍ഡ്രണില്‍ കാണാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞു.
തന്റെ സിനിമകളില്‍ സംഗീതത്തിന്‌ അവിഭാജ്യമായ സ്ഥാനമുണ്ടെന്നും, സംഗീതത്തിന്‌ കഥാഗതിയെ മുന്നോട്ട്‌ നയിക്കാന്‍ കഴിയുമെന്നും ദീപ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്ന്‌ അകലെയാണ്‌ ജീവിക്കുന്നതെങ്കിലും ഇപ്പോഴും പ്രത്യേകമായൊരടുപ്പം രാജ്യത്തോടു താന്‍ സൂക്ഷിക്കുന്നുണ്ട്‌ - ദീപ മേത്ത പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയില്‍ എത്തുന്നത്‌ എപ്പോഴും അത്ഭുതാവഹമായ അനുഭവമാണ്‌. അതിന്‌ മുഖ്യ കാരണമാകുന്നത്‌ ഇവിടുത്തെ പ്രേക്ഷകര്‍ തന്നെയാണ്‌. ഇതിനെക്കുറിച്ച്‌ സല്‍മാല്‍ റുഷ്‌ദിയെ അറിയിച്ചപ്പോള്‍ കേരളത്തെ താന്‍ ഒരുപാട്‌ ഇഷ്‌ടപ്പെടുന്നു എന്ന മറുപടിയാണ്‌ അദേഹം നല്‍കിയത്‌. മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്റെ ആദ്യപ്രദര്‍ശനത്തിലുണ്ടായ തിരക്ക്‌ കണ്ട്‌ വിസ്‌മയിച്ചു പോയി. മന്ത്രി തറയിലിരുന്ന്‌ ചിത്രം കണ്ടതിനെക്കുറിച്ചും മറ്റൊരാള്‍ക്ക്‌ വേണ്ടി സ്വയം സീറ്റ്‌ ഒഴിഞ്ഞു കൊടുത്തതിനെക്കുറിച്ചും ദീപ മേത്ത സംസാരിച്ചു.

No comments:

Post a Comment