Sunday, 9 December 2012

മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രണും ഭൂമിയുടെ അവകാശികളും ഇന്ന്‌


“I can’t think of a better place for Indian Audiences to see ‘Midnight’s Children’. It is a fantastic festival with great audience and I am thrilled.”

തന്റെ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടക്കുന്നതിന്റെ സന്തോഷം മറച്ചുവെയ്‌ക്കാതിരുന്ന വിഖ്യാത സംവിധായിക ദീപ മേത്തയുടെ വാക്കുകളാണിത്‌. മേള അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന്റെ തെളിവായിട്ടെടുക്കാവുന്നതാണ്‌ ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ ഇന്റര്‍വ്യുവിലെ ഈ പരാമര്‍ശം.

ഇന്ന്‌ (ഡിസംബര്‍ 10) വൈകുന്നേരം ആറിന്‌ അഞ്‌ജലി തീയേറ്ററിലാണ്‌ 148 മിനിട്ട്‌ ദൈര്‍ഘ്യമുള്ള മിഡ്‌നൈറ്റ്‌ സ്‌ ചില്‍ഡ്രന്റെ റെഡ്‌ കാര്‍പ്പെറ്റ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നത്‌. ഇക്കൊല്ലത്തെ ടൊറാന്റോ ചലച്ചിത്രമേളയിലെ ഈ ചിത്രത്തിന്റെ പ്രദര്‍ശനം ലോകത്തിനു മുന്നില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിന്റെ ആര്‍ക്കുമറിയാത്ത മറുവശം വരച്ചിട്ടിരുന്നു. ഇന്ത്യന്‍ വംശജനും രാജ്യാന്തര പ്രശസ്‌തനുമായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ ബുക്കര്‍ പ്രൈസ്‌ നേടിയ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ചിത്രം. സല്‍മാന്‍ റുഷ്‌ദിയാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. സത്യബാബ എന്ന തുടക്കക്കാരനാണ്‌ നായകവേഷത്തില്‍. ഷഹാന ഗോസ്വാമി, രജത്‌ കപൂര്‍, സീമാ ബിശ്വാസ്‌, അനുപംഖേര്‍ തുടങ്ങിയവരാണ്‌ മറ്റ്‌ നടീനടന്മാര്‍.

അരവിന്ദന്റെ കാഞ്ചനസീത, ജോസ്‌പ്രകാശിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓളവും തീരവും, മത്സരവിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, മലയാളം സിനിമ വിഭാഗത്തില്‍ മധുപാലിന്റെ ഒഴിമുറി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം മനോജ്‌ കാനയുടെ ചായില്യം എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം തിങ്കാളാഴ്‌ചയെ ആതിഥേയരുടേതാക്കും.

ലോകസിനിമ വിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന അലെന്‍ ഗോമിസ്സിന്റെ ടുഡെ യ്‌ക്കു പുറമെ ലൂസിയ കരേരാസിന്റെ നോസ്‌ വെമോസ്‌ പപ്പാ, ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ബെല്‍മിന്‍ സോളിമസ്സിന്റെ പ്രസന്റ്‌ ടെന്‍സ്‌, അലീ മൊസാഫയുടെ ദ ലാസ്റ്റ്‌ സ്റ്റെപ്പ്‌, ഫ്രാന്‍സിസ്‌കാ സില്‍വയുടെ ഇവാന്‍സ്‌ വുമണ്‍, നിതിന്‍ കക്കറിന്റെ ഫിലിമിസ്‌താന്‍ എന്നിവയാണ്‌ രണ്ടാംതവണ പ്രദര്‍ശനത്തിനെത്തുന്ന മറ്റ്‌ ആറ്‌ ചിത്രങ്ങള്‍. ലെ ഗ്രാന്റ്‌ സൊയര്‍, നൗ ഫൊറേജര്‍, കാനിമാംബോ, മൈ മൊറേര്‍, 36, മേക്കോങ്‌ ഹോട്ടല്‍, വാര്‍ വിച്ച്‌, ഫോര്‍ സണ്‍സ്‌, ബിസിനസ്സ്‌ ആസ്‌ യൂഷ്വല്‍, ഹോളി മോട്ടോഴ്‌സ്‌, ദ ഡിലെ, സെവന്‍ ഡെയ്‌സ്‌ ഇന്‍ ഹെവന്‍ എന്നീ 12 സിനിമകളുടെ അവസാന പ്രദര്‍ശനമാണ്‌ ഇന്നുള്ളത്‌.

കൈരളിയില്‍ ഇവാന്‍സ്‌ വുമണ്‍, ശ്രീപത്മനാഭയില്‍ ഫിലിമിസ്‌താന്‍ എന്നീ മത്സരവിഭാഗം ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും നടക്കും. ലോകസിനിമാ വിഭാഗത്തില്‍ കിംനഗുയേന്‍ സംവിധാനം ചെയ്‌ത വാര്‍വിച്ചിന്റെ പ്രദര്‍ശനം നടക്കും.


കുറസോവയുടെ ഐ ലിവ്‌ ഇന്‍ ഫിയര്‍ എന്ന വിഖ്യാത ചിത്രം ന്യു തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ സുമിത്രാഭാവേയും സുനില്‍ സുക്തന്‍കറും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത മറാത്തി ചിത്രം സംഹിത കലാഭവനിലും സഫ്രസ്‌ അലം ശ്യാമള്‍ കമാക്കറുടെ ബംഗാളി സിനിമ ടിയേഴ്‌സ്‌ ഓഫ്‌ നന്ദീഗ്രാം അഞ്‌ജലി തീയേറ്ററിലും പ്രദര്‍ശനത്തിനെത്തും.

No comments:

Post a Comment