Sunday, 9 December 2012

ഇന്ത്യന്‍ സ്‌ത്രീകളുടെ സഹനശക്തിയെ ബഹുമാനിക്കുന്നു: ഗിരീഷ്‌ കാസറവള്ളി

ഇന്ത്യന്‍ സ്‌ത്രീകളുടെ സഹനശക്തിയേയും സാഹചര്യങ്ങള്‍ക്കനുസരിച്ചു പൊരുത്തപ്പെടാനുള്ള കഴിവിനേയും ബഹുമാനിക്കുന്നുവെന്നു സംവിധായകന്‍ ഗിരീഷ്‌ കാസറവള്ളി പറഞ്ഞു. കേരള രാജ്യാന്തര ചലചിത്രമേളയോടനുബന്ധിച്ചു തിരുവനന്തപുരം ശ്രീ തിയറ്ററില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ കൂര്‍മാവതാരയെക്കുറിച്ചു സംവിധായിക ശാലിനി നായരുമായി നടത്തിയ സംഭാഷണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും, വര്‍ത്തമാന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ആശയങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും കാസറവള്ളി പരാമര്‍ശിച്ചു. അതേ സമയം തന്റെ ചിത്രത്തില്‍ ഗാന്ധിജിയുടെ ജീവിതമല്ല ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രമായി മാറാന്‍ അഭിനേതാവിനു പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കുന്നതാണ്‌ തന്റെ സംവിധാനശൈലിയെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. നല്ല സിനിമകള്‍ എന്തുകൊണ്ടുണ്ടാകുന്നില്ല എന്ന ചോദ്യത്തിനു മറുപാടിയായി, നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ അവയ്‌ക്കു വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഇത്തരം സിനിമകള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ വളരെയധികം സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത അഭിനേതാക്കളെയാണ്‌ തന്റെ ചിത്രങ്ങല്‍ക്കാവശ്യമെന്നും വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമ നിര്‍മ്മാണം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment