Wednesday, 12 December 2012

അടുത്ത വര്‍ഷം ടെക്‌നിക്കല്‍ ഡയറക്ടറെ നിയമിക്കും: പ്രിയദര്‍ശന്‍

ഇന്ത്യന്‍ ചലച്ചിത്രമേളകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ഇന്ത്യയിലെ ചലച്ചിത്രമേളകളുടെ ഡയറക്ടര്‍മാരുടെ  യോഗം ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ സിനിമ പ്രൊജക്ഷനിലെ (ഉഇജ) സാങ്കേതിക പ്രശ്‌നങ്ങള്‍ ചലച്ചിത്രമേളകളെ തകിടം മറിക്കുന്നുവെന്നു പരിപാടിയില്‍ പങ്കെടുത്തവര്‍  അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ചലച്ചിത്രമേളകള്‍ വിതരണക്കാര്‍ സാമ്പത്തികമായി ദുരുപയോഗം ചെയ്യുന്നതും മേളകള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. ഇന്ത്യന്‍ മേളകള്‍ക്കു സാമ്പത്തിക ബാധ്യത ഏറുന്നു. മേളകള്‍ക്കു സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നും ധനസഹായം ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരള രാ്യാന്തര ചലച്ചിത്രമേളയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ടെക്‌നിക്കല്‍ ഡയറക്ടറെ നിയമിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രങ്ങളുടെ ഡിജിറ്റല്‍ പ്രിന്റുകള്‍ മേളക്കു ഏതാനും ദിവസം മുമ്പു മാത്രം ലഭിക്കുന്നത് സാങ്കേതിക തകരാറുകള്‍ കണ്ടെത്താതെ പോകാന്‍ കാരണമാകുന്നു. ഇക്കൊല്ലം  കേരള മേളയില്‍ പ്രദര്‍ശിപ്പിച്ച 80 ഓളം ചിത്രങ്ങള്‍ ഡിസിപിയിലുള്ളതാണ്. പ്രദര്‍ശനത്തിനിടയില്‍ നേരിടുന്ന തകരാറുകള്‍ മേളയിലുടനീളം പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നടത്തുന്ന ഇന്ത്യന്‍ മേളകളില്‍ ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികമല്ലെന്ന് മുംബൈ രാജ്യാന്തര ചലച്ചിത്രമേള ഡയറക്ടര്‍ എസ് നാരായണ്‍ അഭിപ്രായപ്പെട്ടു. തിയറ്ററുകള്‍ 35 എംഎമ്മില്‍ നിന്നും ഡിജിറ്റലാകുന്നതോടെ ആര്‍ക്കൈവ് സിനിമകള്‍  പ്രദര്‍ശിപ്പിക്കാന്‍ കഴിയാതാകുമെന്നു കേരള മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ പറഞ്ഞു. കേരള രാജ്യാന്തര മേളയ്ക്കു സംസ്ഥാന സര്‍ക്കാരില്‍ നിന്നും നല്ല സഹായമാണ് നല്‍കുന്നതെന്നും ബീനാ പോള്‍ കൂട്ടിച്ചേര്‍ത്തു.

ലഡാക്ക് ചലച്ചിത്രമേള ഡയറക്ടര്‍ മേഘ്‌ന ഡുബെ, സാങ്കേതിക വിദഗ്ധന്‍ ജയേഷ് സെബാസ്റ്റ്യന്‍, ബാംഗ്ലൂര്‍ ചലച്ചിത്രമേള ഡയറക്ടര്‍ നരഹരി റാവു, പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment