Monday, 10 December 2012

സത്യജിത്ത്‌ റേ എനിക്ക്‌ പ്രചോദനം : ഡാങ്‌ നാത്‌ മിന്‍

ഇന്ത്യന്‍ സംവിധായകന്‍ സത്യജിത്ത്‌ റേ തനിക്ക്‌ പ്രചോദനമാണെന്ന്‌ പ്രശസ്‌ത വിയറ്റ്‌നാം സംവിധായകന്‍ ഡാങ്‌ നാത്‌ മിന്‍ പറഞ്ഞു. അരുണ വാസുദേവുമായി നടത്തിയ ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഒട്ടുമിക്ക ചിത്രങ്ങളും യുദ്ധത്തെക്കുറിച്ചല്ല, മറിച്ച്‌ യുദ്ധത്തിന്റെ പരിണിതഫലത്തെക്കുറിച്ചാണെന്നും യുദ്ധാനന്തരം വിയറ്റ്‌നാം ജനത അനുഭവിക്കേണ്ടിവന്ന തീവ്രവേദനയുടേയും ദു:ഖത്തിന്റേയും നേര്‍ക്കാഴ്‌ചയാണെന്നും ഡാങ്‌ നാത്‌ മിന്‍ അറിയിച്ചു. 1985 ല്‍ പുറത്തിറക്കിയ വെന്‍ ദ ടെന്‍ത്‌ മന്‍ത്‌ കംസ്‌ എന്ന തന്റെ ചിത്രമാണ്‌ ആദ്യ വിയറ്റ്‌നാം യുദ്ധചിത്രം. തന്റെ സിനിമകള്‍ യുവജനങ്ങള്‍ക്ക്‌ യുദ്ധത്തിനെതിരെ പോരാടാനുള്ള പ്രചോദനമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ കുടുംബത്തിനുള്ളിലും എനിക്ക്‌ ചുറ്റിലും നടന്ന സംഭവങ്ങള്‍ നേരില്‍ കണ്ട അനുഭവങ്ങളാണ്‌ എന്റെ സിനിമകളുടെ തിരക്കഥകള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ആര്‍ട്ട്‌ സിനിമകളെ പിന്തുണയ്‌ക്കാന്‍ പ്രൈവറ്റ്‌ പ്രൊഡ്യൂസേഴ്‌സ്‌ മുന്നോട്ട്‌ വരാറില്ലെന്നും ഗവണ്‍മെന്റിന്റെ സഹായസഹകരണങ്ങളോടെയാണ്‌ താന്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവസംവിധായകരും പ്രൈവറ്റ്‌ പ്രൊഡ്യൂസേഴ്‌സും കൊമേഷ്യല്‍ സിനിമയ്‌ക്ക്‌ പുറകെയാണെന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീ തിയേറ്ററില്‍ ഉച്ചയ്‌ക്ക്‌ 2 മണിക്കായിരുന്നു ഇന്‍ കോണ്‍വര്‍സേഷന്‍.

No comments:

Post a Comment