Monday, 10 December 2012

സിനിമയ്‌ക്ക്‌ ഫേസ്‌ബുക്കില്‍ അനന്തസാധ്യത





സിനിമ നിര്‍മ്മാണത്തിനും പ്രചരണത്തിനും ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വന്‍ സാധ്യതകളുണ്ടെന്ന്‌ പ്രമുഖ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി സിനിമ മാര്‍ക്കറ്റിംഗിനെക്കുറിച്ച്‌ നടന്ന `വൈറല്‍ സിനിമ' സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

യൂറോപ്പില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സിനിമയെടുക്കുന്നതിന്‌ സോഷ്യല്‍ മീഡിയയിലൂടെയാണ്‌ പണം കണ്ടെത്തിയതെന്ന്‌ ഫ്രാന്‍സിലെ സോഷ്യല്‍ മീഡിയ പ്രാക്ടീഷ്‌ണര്‍ മാര്‍ഗറീറ്റ സെഗേയ പറഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍ യൂറോപ്പില്‍ സിനിമയ്‌ക്ക്‌ സഹായം നല്‍കുന്നുണ്ട്‌. ഇപ്പോള്‍ സിനിമ നിര്‍മ്മാണത്തിന്‌ സോഷ്യല്‍ മീഡിയയെ ആശ്രയിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

സിനിമയുടെ പ്രമേയങ്ങള്‍ ആകര്‍ഷകമായാല്‍ സോഷ്യല്‍ മീഡിയയിലൂടെ ജനപ്രീതി നേടാമെന്ന്‌ ഗ്യാങ്‌സ്‌ ഓഫ്‌ വസൈപ്പിന്റെ സെക്കന്റ്‌ യൂണീറ്റ്‌ ഡയറക്ടറായ നീരജ്‌ ഗ്യാവാന്‍ അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, തുടങ്ങിയവ വഴി പോസ്റ്റര്‍ ഡിസൈന്‍, ക്വിസ്‌ കോമ്പറ്റീഷനുകള്‍ സംഘടിപ്പിക്കുന്നതിലൂടെ സിനിമയ്‌ക്ക്‌ പ്രചാരം നേടാനാകും. സിനിമയെക്കുറിച്ചുള്ള `കമന്റു'കള്‍ക്ക്‌ നേരായ രീതിയില്‍ മറുപടി പറഞ്ഞാല്‍ വ്യാപകമായി സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സിനിമയുടെ ഗ്രാഫിക്‌സ്‌ ചിത്രങ്ങള്‍ യുവജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും എഞ്ചിനിയറിംഗ്‌ പഠനം നിര്‍ത്തി ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക്‌ തിരിയുന്നവര്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതലാണെന്നും പ്രമുഖ പോക്കറ്റ്‌ ഫിലിം ഡയറക്ടര്‍ കൗശിക്‌ മുഖര്‍ജി പറഞ്ഞു. സര്‍ഗ്ഗാത്മകതയാണ്‌ സോഷ്യല്‍ മീഡിയയില്‍ വേണ്ടതെന്ന്‌ ഫിലിം എഡിറ്റര്‍ ബി. അജിത്‌കുമാര്‍ പറഞ്ഞു. ഇതില്‍ ഉള്ളടക്കം ശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ നേട്ടം കൊയ്യാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അലുമിനി അസോസിയേഷനായ ഗ്രാഫ്‌റ്റി കേരളയുടെ സഹകരണത്തോടെ ചലച്ചിത്രഅക്കാദമിയാണ്‌ വൈറല്‍ സിനിമ സെമിനാര്‍ സംഘടിപ്പിച്ചത്‌. ഫിലിം ആര്‍ക്കൈവ്‌ സ്ഥാപക ചെയര്‍മാന്‍ പി.കെ നായര്‍, ഗ്രാഫ്‌റ്റി പ്രസിഡന്റ്‌ ഗോവിന്ദന്‍, സെക്രട്ടറി ലെനസ്‌, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ പങ്കെടുത്തു.  

No comments:

Post a Comment