Monday, 10 December 2012

മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍: ഇന്ത്യക്കൊരു പ്രണയലേഖനം-ദീപാമേത്ത


ഇന്ത്യയ്ക്കുള്ള തന്റെ പ്രേമലേഖനമാണ് മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന് വിഖ്യാത സംവിധായിക ദീപ മേത്ത പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം കൈരളി തിയറ്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചിത്രത്തില്‍ മാജിക് റിയലിസത്തെ ജീവിതത്തോടു ഇഴചേര്‍ത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഹാരിപോട്ടര്‍ ചിത്രമല്ല സംവിധാനം ചെയ്യാനുദ്ദേശിക്കുന്നത്. കേരള ചലച്ചിത്രമേളയിലെ തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിതെന്നും മലയാളികള്‍ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദീപ മേത്ത പറഞ്ഞു. 
സ്വാതന്ത്ര്യാനന്തര ഇന്ത്യ നിലവിലെ ഇന്ത്യന്‍  സാഹചര്യങ്ങളില്‍പുന:സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരമായി അവര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ തിരക്കഥയില്‍  പലവട്ടം മാറ്റങ്ങള്‍ വരുത്തുകയും തിരക്കഥയിയില്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ സന്ദര്‍ഭോചിതമായി കൂട്ടിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 
ചിത്രത്തിന്റെ നിര്‍മാണത്തിലുടനീളം മികച്ച സഹകരണമാണ് രചയിതാവായ സല്‍മാന്‍ റുഷ്ദിയില്‍ നിന്നും ലഭിച്ചത്.  അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആഖ്യാനശൈലി ചിത്രത്തിനു കൂടുതല്‍ മിഴിവ് നല്‍കിയിട്ടുണ്ട്.  താരങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ചിത്രത്തിനു പ്രയോജനം ചെയ്തുവെന്നും ചിത്രത്തിനു പ്രചാരം നല്‍കേണ്ടതു പ്രേക്ഷകരാണെന്നും ദീപാ മേത്ത പറഞ്ഞു. 
അഭിനേതാക്കളായ രാഹുല്‍ ബോസും, രജിത് കപൂറും മീറ്റ് ദ് പ്രസ്സില്‍ സന്നിഹിതരായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമാണെന്നും ഇത്തരം ചിത്രങ്ങള്‍ ഒരു നടന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നവയാണെന്നും രജത് കപൂര്‍ അഭിപ്രായപ്പെട്ടു. 
ദീപ മേത്തയുടെ വാട്ടര്‍ എന്ന ചിത്രത്തിനു മലയാളി സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം തന്നെ അതിശയപ്പെടുത്തിയെന്നു നിര്‍മ്മാതാവായ ഡേവിഡ് ഹാമില്‍ട്ടണ്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും സംയുക്തമായി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ താത്പര്യമുള്ളവരെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

No comments:

Post a Comment