Friday 14 December 2012

കാഴ്‌ചയുടെ പൂരത്തിന്‌ കൊടിയിറക്കം

കാല-ദേശ-ഭാഷാന്തരങ്ങള്‍ക്കപ്പുറം അഭ്രപാളിയില്‍ കാഴ്‌ചയുടെ വസന്തം പരത്തി എട്ടുനാള്‍ നീണ്ടുനിന്ന പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ പരിസമാപ്‌തി. ഭൂമിയുടെ നാനാദിക്കില്‍ നിന്നും ഒഴുകിയെത്തിയ ചലച്ചിത്രപ്രേമികള്‍ തലസ്ഥാനത്തിന്റെ സാംസ്‌കാരിക തലങ്ങളെ സജീവമാക്കി. പരാതിയും പരിഭവങ്ങളുമൊഴിഞ്ഞ മികച്ച ആസൂത്രണത്തിലൂടെയാണ്‌ ഇത്തവണത്തെ മേള ശ്രദ്ധേയമായത്‌. 198 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ 80 എണ്ണം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 151 പ്രതിഭകള്‍ മേളയുടെ അതിഥികളായും എത്തി. മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി പ്രശംസകളേറ്റു വാങ്ങി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പതിനാല്‌ സിനിമകളില്‍ ഓരോന്നും ഒന്നിനൊന്ന്‌ മികച്ചവ എന്ന വിശേഷണമാണ്‌ ഇത്തവണ നേടിയത്‌. ഇഷ്‌ട ചിത്രങ്ങള്‍ക്ക്‌ റേറ്റിങ്ങ്‌ നല്‍കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. നല്ല അഭിപ്രായമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക്‌ തിയേറ്ററിന്‌ മുന്നില്‍ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ തന്നെ ക്യൂ നീണ്ടതും ഹൃദ്യാനുഭവമായി. തിയേറ്ററിനുള്ളില്‍ തറയിലിരുന്നും ഉന്തി തള്ളി നിന്നും സിനിമ കണ്ട പ്രേക്ഷകര്‍ തങ്ങളാണ്‌ ഈ മേളയുടെ കരുത്തെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു. വിദേശ പ്രതിനിധികളും ഇത്‌ പല തവണ ശരിവെച്ചു.
ഏഴായിരത്തിലധികം ഡെലിഗേറ്റുകളും ആയിരത്തിലധികം മാധ്യമ പ്രതിനിധികളുമാണ്‌ ഇത്തവണ മേളയുടെ ഭാഗമായത്‌. ഡെലിഗേറ്റ്‌ പാസ്സിന്റെയും ഫെസ്റ്റിവല്‍ കിറ്റിന്റെയും കൃത്യസമയത്തു നടത്തിയ വിതരണവും നവീകരിച്ച തിയേറ്റര്‍ സൗകര്യങ്ങളും ഫെസ്റ്റിവല്‍ ഭാരവാഹികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കി. സാങ്കേതിക തലത്തിലുണ്ടായ ചെറു പാളിച്ചകള്‍ക്ക്‌ അടുത്ത വര്‍ഷം പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ്‌ നല്‍കിയാണ്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എസ്സ്‌. പ്രിയദര്‍ശന്‍ ഡെലിഗേറ്റുകളെ യാത്രയാക്കിയത്‌.

No comments:

Post a Comment