Thursday 13 December 2012

പ്രമേയത്തോട്‌ സത്യസന്ധമായ സമീപനം വേണം : ലൂസിയ കരേരാസ്‌

സിനിമയുടെ പ്രമേയത്തോട്‌ സംവിധായകര്‍ക്ക്‌ സത്യസന്ധമായ സമീപനം ഉണ്ടായിരിക്കണമെന്ന്‌ മത്സരവിഭാഗ ചിത്രമായ നോസ്‌ വെമോസ്‌ പപ്പായുടെ സംവിധായിക ലൂസിയ കരേരാസ്‌ പറഞ്ഞു. കൈരളിയില്‍ മീറ്റ്‌ ദ ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ഇരുപത്തിയഞ്ചോളം വനിത സംവിധായകരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ പ്രശംസനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര സിനിമകളുടെ നിര്‍മ്മാണവും വിതരണവും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന്‌ പ്രെസന്റ്‌ ടെന്‍സിന്റെ സംവിധായിക സിംടികി സമാന്‍. അമേരിക്കയിലേക്ക്‌ പോകാനുള്ള കാശ്‌ കണ്ടെത്താനായി ഇസ്‌താംബൂളിലെ യുവതിയുടെ പരിശ്രമം പ്രമേയമാക്കിയ തന്റെ ചിത്രവും ഈ പ്രശ്‌നം അഭിമുഖീകരിച്ചുവെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്‌കാരസമ്പന്നമായ കേരളീയരില്‍ നിന്ന്‌ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നതായി ലഡാക്‌ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ മേഘ്‌ന പറഞ്ഞു. മേളയിലെ പ്രേക്ഷകസാന്നിധ്യം മറ്റൊരിടത്തും കാണാനാകില്ലെന്നും അവര്‍ പറഞ്ഞു.

സ്വതന്ത്രസിനിമകള്‍ക്ക്‌ നിര്‍മ്മാതാവിനെ കണ്ടെത്തുക പ്രയാസമാണ്‌. അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദികളും കുറവാണെന്ന്‌ ഡോ.ബിജു പറഞ്ഞു. എന്നാല്‍ ഗോവയിലെ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ അഞ്ചോളം സ്വതന്ത്രസിനിമകള്‍ മലയാളത്തില്‍ നിന്നും പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമകള്‍ ഇപ്പോള്‍ സംവിധായകരെക്കാള്‍ നായകരെയാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്‌ ശശി പരവൂര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment