Tuesday 11 December 2012

സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്കു വിതരണക്കാരില്ല- നിതിന്‍ കക്കര്‍

സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്ക്‌ വിതരണക്കാരെ ലഭിക്കാതെ പോകുന്നതായി മത്സരചിത്രം ഫിലിമിസ്ഥാന്റെ സംവിധായകന്‍ നിതിന്‍ കക്കര്‍ അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലചിത്രമേളയോടനുബന്ധിച്ചു കൈരളി തിയറ്ററില്‍ നടന്ന മീറ്റ്‌ ദ്‌ ഡയറക്‌റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക ചിത്രങ്ങളും ആസ്വാദകരില്‍ എത്താതെ പോകുന്നതിന്റെ പ്രധാന കാരണമിതാണെന്നും മൂല്യവത്തായ ചിത്രങ്ങള്‍ ഇത്തരം മേളയില്‍ മാത്രം ഒതുങ്ങി പോകുന്നതായും അദ്ദേഹം പറഞ്ഞു. 

കേരളത്തിലേതു സിനിമയെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന പ്രേക്ഷരാണ്‌. നല്ല ചിത്രങ്ങള്‍ക്ക്‌ ഇന്നും പ്രേക്ഷകരുണ്ട്‌. മേളകളില്‍ ഒതുങ്ങുന്ന സംവിധായകനാകാന്‍ തനിക്ക്‌ താത്‌പര്യമില്ലെന്നും അംഗീകരിക്കപ്പെടുന്ന സംവിധായകനായി മാറുമെന്നും കക്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചിത്രത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തിനാണ്‌ പ്രഥമ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും ബോളിവുഡ്‌ അതുകഴിഞ്ഞുള്ള ചര്‍ച്ചകളില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുന്‍കാലങ്ങളിലെ സഞ്ചരിക്കുന്ന സിനിമാശാലകളെ ആധാരമാക്കി നിര്‍മ്മിച്ച 'ടൂറിങ്‌ ടാക്കീസിന്റെ സംവിധായകന്‍ ഗജേന്ദ്ര അഹിരെയും പരിപാടിയില്‍ പങ്കെടുത്തു. അര്‍ത്ഥവത്തായ ചിത്രങ്ങള്‍ക്കു ഇന്നും പ്രേക്ഷകരുണ്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മള്‍ട്ടിപ്ലക്‌സുകളിലല്ല, മറിച്ച്‌ തെരുവുകളിലാണ്‌ യഥാര്‍ത്ഥ സിനിമാസ്വാദകരുള്ളതെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ തൃപ്‌തി ബോയര്‍ അഭിപ്രായപ്പെട്ടു. ടൂറിങ്‌ ടാക്കീസുകള്‍ വളര്‍ത്തിയെടുത്ത സിനിമാസംസ്‌കാരവും യഥാര്‍ത്ഥ പ്രേക്ഷകനും നശിച്ചു കൊണ്ടിരിക്കുകയാണെന്നു അവര്‍ പറഞ്ഞു.

സംവിധായകന്‍ ശശി പരവൂരും ഫിലിമിസ്ഥാനിലെ പ്രധാന നടന്‍ ഷരീബ്‌ ഹസ്‌മിയും പരിപാടിയില്‍ പങ്കെടുത്തു.

No comments:

Post a Comment