Thursday 13 December 2012

മാധ്യമങ്ങളുടെ സഹകരണം അനിവാര്യം : ജാവേദ്‌ ജാഫ്‌റി

ഡോക്യുമെന്ററികളുടെ പ്രചരണത്തിന്‌ മാധ്യമങ്ങള്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കണമെന്ന്‌ ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ജാവേദ്‌ ജാഫ്‌റി പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച `ട്രിഗര്‍പിച്ച്‌ 'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററികളുടെ വിപണന സാധ്യതകള്‍ ആരായുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചെറുതെന്ന്‌ തോന്നുന്ന സഹായങ്ങള്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ ഡോക്യുമെന്ററികളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ശിഖാ സിംഗ്‌ (ടൈംസ്‌ മ്യൂസിക്‌), നീതി ജയചന്ദര്‍ (ഫെമിന), ദേവേശ്‌ ശര്‍മ്മ (ഫിലിം ഫെയര്‍), രഞ്‌ജന്‍ സിംഗ്‌ (ഫാന്റം ഫിലിംസ്‌), ജെറി അല്‍മീദ (ഐ കോംഗോ), വിവേക്‌ ആനന്ദ്‌ (ഹംസഫര്‍ ട്രസ്റ്റ്‌) തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അഞ്ച്‌ ഡോക്യുമെന്ററികളുടെ സംവിധായകര്‍ തങ്ങളുടെ ചിത്രങ്ങളെ സദസ്സിന്‌ പരിചയപ്പെടുത്തി. ദീപ ധന്‍രാജിന്റെ ഇന്‍വോക്കിംഗ്‌ ജസ്റ്റിസ്‌ , സുനന്ദാഭട്ടിന്റെ ഹാവ്‌ യു സീന്‍ ദ അരണ, ദിലന്‍ മോഹന്‍ ഗ്രെയുടെ ഫയര്‍ ഇന്‍ ദ ബ്ലഡ്‌ , സംഘജിത്‌ ബിശ്വാസിന്റെ ഇന്‍ ബിറ്റ്‌വീന്‍ ഡെയ്‌സ്‌, ഗീതിക, ആനന്ദന എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്‌ത മച്ച്‌ അഡോ എബൗട്ട്‌ നോട്ടിംഗ്‌ എന്നിവയാണ്‌ പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്ററികള്‍.
പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ബീന പോള്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment