Wednesday 12 December 2012

ഹോളിവുഡിനെ അവഗണിക്കണം: പോള്‍ കോക്‌സ്‌

അക്രമത്തെയും നശീകരണങ്ങളെയും പശ്ചാത്തലമാക്കുന്ന ഹോളിവുഡിനെ അവഗണിച്ച്‌ മാനുഷിക നന്മയും സാമൂഹികമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്ന്‌ ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ്‌. കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ കൈരളി തിയേറ്ററില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ്‌ ഓഫ്‌ ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാറുമായി നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുക്കുകയായിരുന്നു ജൂറി ചെയര്‍മാന്‍കൂടിയായ അദ്ദേഹം.
മേളയിലെ സിനിമകളെല്ലാം മാനുഷികസ്‌പര്‍ശമുള്ളവയാണ്‌. എണ്‍പതുകളില്‍ ജോണ്‍ എബ്രഹാമിന്റെ കാലത്തെ പ്രതാപത്തിലേക്ക്‌ മടങ്ങിവരവിനാണ്‌ മലയാള സിനിമ ഇപ്പോള്‍ ശ്രമിക്കുന്നത്‌. കേരളത്തിലേയും പശ്ചിമ ബംഗാളിലെയും ചലച്ചിത്രങ്ങള്‍ സാമ്യം പുലര്‍ത്തുന്നവയാണ്‌. നല്ല സിനിമയില്‍ തല്‌പരരായ പ്രേക്ഷകരാണ്‌ കേരളത്തിലുള്ളത്‌. ജീവിതത്തെ സ്വാധീനിക്കുന്നതിനും ഉന്നമനത്തിലേക്ക്‌ നയിക്കുന്നതിനും ശക്തിയുള്ള മാധ്യമമാണ്‌ സിനിമ. ഇന്ത്യന്‍ സിനിമാ സംഗീതത്തിന്‌ മാസ്‌മരികശക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വതന്ത്ര സിനിമകള്‍ നല്ലാതണെങ്കിലും അത്‌ അക്രമങ്ങളെക്കുറിച്ചുള്ള ആഘോഷമാകരുത്‌. സംവിധായകന്‌ സിനിമയെ നിയന്ത്രിക്കാന്‍ കഴിയണം. രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന തന്റെ ചിത്രങ്ങളിലുടെ മനുഷ്യത്വമാണ്‌ ലക്ഷ്യമിടുന്നതെന്നും പോള്‍ കോക്‌സ്‌ പറഞ്ഞു.

ഞാനൊരു സോഷ്യലിസ്റ്റാണ്‌. കരള്‍ മാറ്റിവയ്‌ക്കലിന്‌ വിധേയനായതിനുശേഷം ഇതെന്റെ രണ്ടാം ജീവിതമാണ്‌. ജീവിതം തികച്ചും വിലപ്പെട്ടതും മനോഹരവുമാണെന്ന്‌ എനിക്ക്‌ വീണ്ടും ബോധ്യമായി. കാതോലിക മത വിശ്വാസിയായ ഞാന്‍ കുടുംബപരമായി പുരോഹിതനാകേണ്ടതായിരുന്നു.എന്നാല്‍ വിധിയാണ്‌ എന്നെ സിനിമയിലേയ്‌ക്ക്‌ നയിച്ചത്‌. ഞാന്‍ ദൈവത്തെ കാണുന്നത്‌ പ്രകൃതിയിലാണ്‌-അദ്ദേഹം പറഞ്ഞു.

No comments:

Post a Comment