Wednesday 12 December 2012

മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിച്ചു

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചലച്ചിത്രപ്രതിഭകളെ കൈരളി തിയേറ്ററില്‍ ചേര്‍ന്ന ചടങ്ങില്‍ അനുസ്മരിച്ചു. നടന്‍ തിലകന്‍, ജോസ് പ്രകാശ്, തിരക്കഥാകൃത്ത് ടി.ദാമോദരന്‍, ടി.എ.ഷാഹിദ്, സംവിധായകന്‍ സി.പി.പത്മാകുമാര്‍, നിര്‍മ്മാതാവ് വിന്ധ്യന്‍, നവോദയ അപ്പച്ചന്‍, എന്നിവരെയാണ് സഹപ്രവര്‍ത്തകരായ പ്രിയദര്‍ശന്‍, ടി.വി.ചന്ദ്രന്‍, മേനക സുരേഷ്‌കുമാര്‍, ഗാന്ധിമതി ബാലന്‍, ജോസ് തോമസ്, ടി.കെ.രാജീവ് കുമാര്‍, ശ്യാമ പ്രസാദ് എന്നിവര്‍ അനുസ്മരിച്ചത്.

സംവിധായകന്‍ പ്രിയദര്‍ശന്‍, ടി.ദാമോദരനെ എല്ലാ മേഖലയിലേയും 'മാസ്റ്റ'റെന്ന്  വിശേഷിപ്പിച്ചു. അറിവിന്റെ ഖനിയായിരുന്ന അദ്ദേഹം പകര്‍ന്നുതന്ന അറിവിന്റെ ഒരംശം മാത്രമെ താന്‍ കാലാപാനി യില്‍ ഉപയോഗിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമകാലിക രാഷ്ട്രീയം വിഷയമാക്കി തിരക്കഥ രചിച്ചവരില്‍ പ്രഥമ സ്ഥാനമാണ് ദാമോദരന്‍ മാഷിനുള്ളതെന്ന് പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.

തിലകന്റെ അര്‍പ്പണബോധം തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ഗാന്ധിമതിബാലന്‍ പറഞ്ഞു. മൂന്നാംപക്കത്തിലെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ മൂന്ന് ദിവസം മുമ്പ് തന്നെ തയ്യാറെടുപ്പ് നടത്തിയ തിലകനെ അദ്ദേഹം ബഹുമാനപൂര്‍വ്വം സ്മരിച്ചു.

നിര്‍മ്മാതാവ് എന്ന വാക്കിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു വിന്ധ്യനെന്ന് ശ്യാമപ്രസാദ് പറഞ്ഞു. തന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു നവോദയ അപ്പച്ചനെന്ന് സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍ ഓര്‍ത്തു. അപ്പച്ചനെപ്പോലൊരു നിര്‍മ്മാതാവിന്റെ അഭാവം പുതിയ പ്രതിഭകളുടെ കടന്നുവരവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.പത്മകുമാര്‍ എന്ന കലാസ്‌നേഹിയായ തന്റെ സുഹൃത്തിന്റെ നര്‍മ്മംതുളുമ്പുന്ന ഓര്‍മ്മകളെക്കുറിച്ചും ജോണ്‍ എബ്രഹാമും പത്മകുമാറും താനുമടങ്ങുന്ന സംഘത്തെക്കുറിച്ചും സംവിധായകന്‍ ടി.വി.ചന്ദ്രന്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ഇതുവരെയുള്ള പതിനാറ് ചലച്ചിത്രമേളകളിലും മുടങ്ങാതെ പത്മകുമാര്‍ പങ്കെടുത്തിരുന്നുവെന്ന് ടി.വി.ചന്ദ്രന്‍ സ്മരിച്ചു. ഒരു അച്ഛന്റെ വാത്സല്യം തനിക്ക് തന്ന വ്യക്തിയായിരുന്നു ജോസ് പ്രകാശെന്ന് നടി മേനക സുരേഷ്‌കുമാര്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി മനോജ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന്‍ പങ്കെടുത്തു.

No comments:

Post a Comment