Friday, 7 December 2012

കൈരളി തീയേറ്റര്‍ സമുച്ചയം ഉദ്‌ഘാടനം ചെയ്‌തു

അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച കൈരളി, ശ്രീ, നിള തീയേറ്റര്‍ സമുച്ചയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. സാധാരണക്കാരന്റെ വിനോദമായ സിനിമയെ പ്രേത്സാഹിപ്പിക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ രൂപവത്‌കരിച്ച ആന്റി പൈറസി സെല്ലിന്റെ ഇടപെടല്‍ മറ്റ്‌ സംസ്ഥാനങ്ങളിലും വ്യാജ സി.ഡി നിയന്ത്രിക്കാന്‍ കാരണമായിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീല്‍ചെയറില്‍ തീയേറ്ററില്‍ എത്തുന്നവരുടെ സൗകര്യത്തിനായി റാമ്പുകള്‍ നിര്‍മ്മിക്കുമെന്നും അവരുടെ ടിക്കറ്റ്‌ നിരക്ക്‌ 25 ശതമാനമാക്കുമെന്നും അധ്യക്ഷനായിരുന്ന സിനിമാ വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ചിത്രാഞ്‌ജലി സ്റ്റുഡിയോ ആറ്‌ മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. വ്യാജ സി.ഡി. തടയുന്നതിനുള്ള സെല്‍ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. ഇതിലൂടെ 300 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്‌. ഏതൊരു പൊതുമേഖലാ സ്ഥാപനവും ശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ നേട്ടം കൊയ്യാനാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമയെ സ്‌നേഹിക്കുന്ന സര്‍ക്കാരാണ്‌ നമുക്കുള്ളതെന്ന്‌ ചടങ്ങില്‍ സന്നിഹിതനായിരുന്ന മോഹന്‍ലാല്‍ പറഞ്ഞു. സിനിമ വ്യവസായത്തില്‍ ഇപ്പോള്‍ മാറ്റത്തിന്റെ കാറ്റ്‌ വീശാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടം ഷൂട്ട്‌ ചെയ്‌ത ക്യാമറ തനിക്ക്‌ നല്‍കണമെന്നും പകരമായി പുതിയ ക്യാമറ വാങ്ങിനല്‍കാമെന്നുമുള്ള മോഹന്‍ലിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു.
മേയര്‍ കെ ചന്ദ്രിക, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, ജോണ്‍സണ്‍ ജോസഫ്‌, ആര്‍.ഹരികുമാര്‍, കേരള ഫിലിം ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍, വൈസ്‌ ചെയര്‍മാന്‍ ഇടവേള ബാബു, എം.ഡി ദീപ.ഡി.നായര്‍, എന്നിവര്‍ പങ്കെടുത്തു.
മൂന്ന്‌ കോടി രൂപ ചെലവില്‍ നാലു മാസം കൊണ്ടാണ്‌ തീയേറ്ററുകളുടെ പണി പൂര്‍ത്തീകരിച്ചത്‌. ഏഴര ലക്ഷം രൂപയുടെ സില്‍വര്‍ സ്‌ക്രീന്‍, 2സ പ്രൊജക്ഷന്‍, 7.1 സൗണ്ട്‌ സിസ്റ്റം തുടങ്ങിയവയുടെ സജ്ജീകരണത്തോടെ സ്വകാര്യ തീയേറ്ററുകളോട്‌ കിടപിടിക്കാന്‍ പോന്ന രീതിയിലാണ്‌ തീയേറ്ററുകള്‍ നവീകരിച്ചിരിക്കുന്നത്‌. 

No comments:

Post a Comment