Sunday, 2 December 2012

സിനിമാ ചര്‍ച്ചയ്‌ക്കും വിപണനത്തിനും പ്രത്യേക വേദികള്‍

മികച്ച ലോകസിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതോടൊപ്പം രാജ്യങ്ങള്‍ക്കും സിനിമാ ആസ്വാദകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കന്നി സംവിധായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനവും വഴിത്താരയും പ്രധാനം ചെയ്യുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. റൗണ്ട്‌ ടേബിള്‍, ട്രിഗര്‍ പിച്ച്‌, ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍, ടുവോര്‍ഡ്‌സ്‌ കോ ഓപ്പറേഷന്‍, ദ്‌ വയറല്‍ വൈറസ്‌, മാസ്റ്റര്‍ ക്ലാസ്‌, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ്‌ ദ്‌ ഡയറക്‌ടര്‍ എന്നീ എട്ട്‌ വ്യത്യസ്‌ത പരിപാടികളാണ്‌ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
മേളയ്‌ക്കെത്തുന്ന സംവിധായകരേയും അണിയറ പ്രവര്‍ത്തകരേയും നേരില്‍ കണ്ട്‌ സംശയങ്ങള്‍ ചോദിച്ച്‌ അിറയാനും ചലച്ചിത്ര നിര്‍മ്മാണത്തിലെ നവീന സാങ്കേതികവിദ്യകള്‍ ഗ്രഹിക്കാനും അവസരമൊരുക്കുന്നതിനാണ്‌ ഇവ ആസുത്രണം ചെയ്‌തിട്ടുള്ളത്‌.
ഫിലിപ്പൈന്‍സ്‌, മലേഷ്യ, പാകിസ്‌താന്‍, വിയറ്റ്‌നാം തുടങ്ങിയ ഇരുപതോളം തെക്കനേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളുടെ സിനിമകള്‍ക്കായി ഒരു വേദി കണ്ടെത്തുന്നതിനാണ്‌ 'റൗണ്ട്‌ ടേബിള്‍' ലക്ഷ്യമിടുന്നത്‌.തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരത്തില്‍ ഡിസംബര്‍ ഒന്‍പതിനും പത്തിനുമായി നടക്കുന്ന പരിപാടിയില്‍ ഈ രാജ്യങ്ങളിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുക്കും. കുട്ടികളുടെ ചലച്ചിത്രങ്ങള്‍ക്കായി രാജ്യാന്തര-മേഖല സഹകരണത്തിനും സംരംഭങ്ങള്‍ക്കുമായി യോഗം അജന്‍ഢ രൂപപ്പെടുത്തും. ഇതിനോടനുബന്ധിച്ച്‌ നില്‍ പാണ്ഡ സംവിധാനം ചെയ്‌ത ജാല്‍ ഹാരി യുടെയും രാജന്‍ ഖോസയുടെ ഗട്ടുവിന്റെയും പ്രത്യേക പ്രദര്‍ശനം നടത്തുന്നതാണ്‌.
ഡോക്യുമെന്ററി സിനിമകളുടെ വിപണനം ലക്ഷ്യംവെയ്‌ക്കുന്ന്‌ 'ട്രിഗര്‍ പിച്ച്‌' ഡിസംബര്‍ 13 ന്‌ ഹോട്ടല്‍ റസിഡന്‍സിയിലാണ്‌ നടക്കുക. ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്‍, നെതര്‍ലാന്റിലെ വാന്‍ വ്രിജ്‌മാന്‍ ഫണ്ട്‌ എന്നിവയുടെ സഹായത്തോടെയാണ്‌ പരിപാടി.
സിനിമാനിര്‍മ്മാണത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോഗത്തെക്കുറിച്ച്‌ ഛായഗ്രാഹകന്മാരുമായുള്ള ചര്‍ച്ചയാണ്‌ മറ്റൊരു പരിപാടി. അന്തര്‍ദ്ദേശീയതലത്തില്‍ പ്രശസ്‌തരായ ക്യാമറാമാന്മാര്‍ പങ്കെടുക്കും. റെഡ്‌ ക്യാമറ, ഇഡങഅഇ, എന്നിവയുടെ സോദോഹരണക്ലാസ്സും ഉണ്ടായിരിക്കും.
ടുവോര്‍ഡ്‌സ്‌ കോ ഓപ്പറേഷന്‍ പ്രമുഖ ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരുടെ സംഗമത്തിന്‌ കളമൊരുക്കുന്നു. പരസ്‌പരം സഹകരണത്തിനുള്ള മേഖലകള്‍ കണ്ടെത്തുകയാണ്‌ ലക്ഷ്യം. സോഷ്യല്‍ മീഡിയകളിലൂടെ സിനിമകളുടെ വിപണനം സാധ്യമാക്കുന്നതിനെപ്പറ്റി ഗ്രാഫ്‌റ്റിയുടെ കേരള ഘടകം സംഘടിപ്പിക്കുന്ന ചര്‍ച്ചയാണ്‌ ദ്‌ വൈറല്‍ വൈറസ്‌. തിരുവനന്തപുരത്തെ അലൈയ്‌സ്‌ ഫ്രാന്‍സിന്റെ സഹകരണത്തോടെ ഫ്രഞ്ച്‌ സംവിധായകന്‍ ഒളിവര്‍ അസായസ്‌ ഡിസംബര്‍ 10 ന്‌ പ്രഭാഷണം നടത്തുന്നതാണ്‌ മറ്റൊരുയിനം. അവാന്റ്‌ ഗെര്‍ദെ സിനിമകളുടെ ഉത്ഭവത്തിന്‌ സാക്ഷ്യം വഹിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തും നിരൂപകനുമാണ്‌ ഒലിവര്‍ അസായസ്‌.
സംവിധായകാരുമായും വ്യക്തികളുമായും ഒരു തുറന്ന ചര്‍ച്ചയ്‌ക്ക്‌ വേദിയൊരുക്കുന്നതാണ്‌ ഡെയ്‌ലി ഇന്‍ കോര്‍വര്‍സേഷന്‍. കാണികള്‍ക്കും ഭാഗമാകാവുന്ന ഈ പരിപാടി ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ്‌ 2 മുതല്‍ 3 വരെ ശ്രീ തിയേറ്ററിലാണ്‌ നടക്കുക. ഇത്‌ കൂടാതെ ഫെസ്റ്റിവല്‍ സംബന്ധിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രമുഖ സിനിമാപ്രവര്‍ത്തകരുമായി സംവദിക്കാനും 'മീറ്റ്‌ ദ്‌ ഡയറക്‌ടര്‍' ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ന്യൂ തിയറ്ററില്‍ സംഘടിപ്പിക്കും. .

No comments:

Post a Comment