Sunday, 2 December 2012

റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ ഹിച്ച്‌കോക്കും കുറോസവയും

ലോകപ്രശസ്‌ത സംവിധായകരായ അകിര കുറൊസവയുടെയും ആല്‍ഫ്രഡ്‌ ഹിച്ചികോക്കിന്റെയും 14 ചിത്രങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
ആസ്വാദകരുടെ പ്രീതിയും പ്രശംസയും പിടിച്ചുപറ്റിയ ചിത്രങ്ങളായ കുറൊസവയുടെ ഡ്രങ്കണ്‍ ഏഞ്ചല്‍(1948) , ദി ഹിഡന്‍ ഫോര്‍ട്രസ്സ്‌ (1958), ഐ ലിവ്‌ ഇന്‍ ഫിയര്‍ (1955), ദി ഇഡിയറ്റ്‌ (1955), ഇക്കിരു (1952), മദദായോ (1993), സഞ്ചൂറോ (1962), സന്‍ഷീറോ സുഗാറ്റ (1943), സ്‌ട്രേ ഡോഗ്‌ (1949), ഹിച്ചികോക്കിന്റെ ദി റിങ്‌ (1927), ദി ലോഡ്‌ജര്‍ (1927), ദി പ്ലഷര്‍ ഗാര്‍ഡന്‍ (1925), ഷാംപെയന്‍ (1928), ഡൗണ്‍ ഹില്‍ (1928) എന്നിവയാണ്‌ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
കുറസോവയും അദ്ദേഹത്തിന്റെ ചിത്രങ്ങളും ലോകസിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ചിത്രകാരനായിരുന്ന കുറസോവ 1936 ലാണ്‌ ചലച്ചിത്രമേഖലയിലേക്ക്‌ കടക്കുന്നത്‌. ജാപ്പനീസ്‌ സിനിമയ്‌ക്ക്‌ പാശ്ചാത്യ ചലച്ചിത്രവിപണിയുടെ വാതിലുകള്‍ തുറന്ന്‌ കൊടുത്ത റാഷോമോണ്‍ എക്കാലത്തേയും മികച്ച ലോക ക്ലാസ്സിക്കുകളിലൊന്നാണ്‌. ഇക്കീരു (1952), യോജിമ്പോ (1961), സെവന്‍ സമുറായ്‌ (1954), എന്നിവ ലോകത്താകെ അംഗീകരിക്കപ്പെട്ടവായാണ്‌. ആജീവാനന്ത സംഭാവനകള്‍ക്കുള്ള 1990-ലെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ കുറസോവ 1998 ല്‍ 88-ാം വയസ്സില്‍ ചലച്ചിത്രലോകത്തോട്‌ വിടപറഞ്ഞു.
മിക്ക ചിത്രങ്ങളും വാണിജ്യ വിജയങ്ങളാക്കി മാറ്റുകയും സിനിമാപോസ്റ്ററില്‍ സ്വയം പ്രതൃക്ഷപ്പെടുകയും ചെയ്‌ത ജനപ്രിയ സംവിധായകനാണ്‌ സര്‍ ആല്‍ഫ്രെഡ്‌ ജോസഫ്‌ ഹിച്ച്‌കോക്ക്‌. കഥാഗതി നിയന്ത്രിക്കുന്നതിലുള്ള വൈഭവവും ആകാംക്ഷഭരിതവുമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതിലുള്ള അസാധാരണ പാടവവുമാണ്‌ ഹിച്ച്‌കോക്കിന്റെ പ്രത്യേകത. അസാധാരണവും അപരിചിതവുമായ സാഹചര്യങ്ങളില്‍ അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ കഥകള്‍ പലപ്പോഴും ഇദ്ദേഹം വിഷയമാക്കിയിട്ടുണ്ട്‌. ഭീതിയിലും ഭ്രമാത്മക കല്‌പനയിലും ഊന്നിയവയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. സ്വന്തം ചിത്രങ്ങളിലെ ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട്‌ മിന്നിമറയുന്ന ശൈലിയും ഇദ്ദേഹത്തിനുണ്ട്‌. റെബേക്ക എന്ന ചലച്ചിത്രത്തിന്‌ 1941 ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. ഇദ്ദേഹവും എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളായി ഇന്നും തുടരുന്നു.

കുറസോവ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌ ദി ഹിഡന്‍ ഫോര്‍ട്രസ്സ്‌. രാജകുമാരിയും പടത്തലവനുമാണെന്ന്‌ അറിയാതെ സ്വര്‍ണ്ണത്തിനു വേണ്ടി ഇവരെ അനുഗമിക്കുന്ന അത്യാഗ്രഹികളായ രണ്ട്‌ കര്‍ഷകരുടെ ചിത്രമാണിത്‌. അണ്വായുധത്തെ ഭയന്നു ജീവിക്കുന്ന ഒരു വൃദ്ധനായ ജാപ്പനീസ്‌ വ്യവസായിയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു ഐ ലിവ്‌ ഇന്‍ ഫിയറില്‍. ദസ്‌തയേവ്‌സ്‌കിയുടെ നോവലിനെ ആസ്‌പദമാക്കി അതേ പേരിലെടുത്ത ചിത്രമാണ്‌ ദ്‌ ഇഡിയറ്റ്‌. കമേദ എന്ന യുവാവും രണ്ട്‌ സ്‌ത്രീകളും ഉള്‍പ്പെടുന്ന ത്രികോണ പ്രണയമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഇക്കിരു (1952) തന്റെ അവസാന നാളുകളില്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന വൃദ്ധനായ അര്‍ബുദ രോഗിയുടേയും സഞ്ചൂറോ (1962) അഴിമതിക്കെതിരെ പോരാടുന്ന ഒരു സമുദായ യോദ്ധാവിന്റേയും കഥ പറയുന്നു. കുറസോവയുടെ ആദ്യ ചിത്രമായ സാന്‍ശിരോ സുഗാറ്റ(1943)യും അവസാന ചിത്രമായ മദാദയോയും (1993) മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.
ഹിച്ച്‌കോക്ക്‌ സ്വതന്തമായി സംവിധാനം ചെയ്‌ത ആദ്യചിത്രമാണ്‌ ദി പ്ലഷര്‍ ഗാര്‍ഡന്‍ (1925). ഒലിവര്‍ സാന്റീസ്‌ എന്ന എഴുത്തുകാരന്റെ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ചിത്രം പാട്ടുകാരിയായ പാറ്റ്‌സി എന്ന യുവതിയുടെയും അവള്‍ പരിചയപ്പെടുന്ന ജില്‍ എന്ന പെണ്‍കുട്ടിയുടെയും കഥ പറയുന്നു. ലണ്ടന്‍ നഗരത്തില്‍ നടക്കുന്ന സ്‌ത്രീകളുടെ കൊലപാതകത്തിന്‌ പിന്നില്‍ തന്റെ പുതിയ വാടകക്കാരനാണെന്ന്‌ സംശയിക്കുന്ന ഒരു പ്രഭ്വിയുടെ കഥയാണ്‌ ദി ലോഡ്‌ജര്‍ (1927) എന്ന ചിത്രം പറയുന്നത്‌.
സ്വന്തം സുഹൃത്തിനുവേണ്ടി ചെയ്യാത്ത കുറ്റം ഏറ്റെടുത്ത റോഡി എന്ന യുവാവിന്റെ ജീവിതം ഡൗണ്‍ ഹില്‍(1927) എന്ന ചിത്രം വരച്ചുകാട്ടുമ്പോള്‍ ഷാംപെയിന്‍ (1928) എന്ന ഹാസ്യചിത്രം ധാരാളിയായ തന്റെ മകളെ നേര്‍വഴിക്ക്‌ നടത്താന്‍ ഒരച്ചന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ്‌ .
ത്രികോണ പ്രണയ കഥ പറയുന്ന മേളയുടെ ഉദ്‌ഘാടനചിത്രമാണ്‌ ദ്‌ റിംഗ്‌. ലൈവ്‌ ബാന്റിന്റെ അകമ്പടിയോടെയായിരിക്കും ദ്‌ റിംഗ്‌ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ രണ്ടു തലമുറകള്‍ക്ക്‌ ലഭിക്കാത്ത അപൂര്‍വ അവസരമായിരിക്കും ലൈവ്‌ ബാന്റോടെയുള്ള ഈ നിശബ്‌ദ സിനിമയുടെ പ്രദര്‍ശനം. ലണ്ടനിലെ പ്രശസ്‌തരായ കലാകാരന്മാരാണ്‌ ലൈവ്‌ ബാന്റിനായി ഇവിടെയെത്തുന്നത്‌.
റിട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തിലെ കുറസോവയുടെ ഒന്‍പത്‌ ചിത്രങ്ങള്‍ ഒരിക്കല്‍ കണ്ടവര്‍ക്ക്‌ വീണ്ടും അവസരമൊരുക്കുമ്പോള്‍ ഹിച്ച്‌കോക്കിന്റെ അപൂര്‍വ്വമായ അഞ്ചു ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഒരു നവ്യാനുഭമായിരിക്കും.

No comments:

Post a Comment