Tuesday, 4 December 2012

അതിഥികളായി 151 പ്രതിഭകള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 151 പ്രതിഭകള്‍ അതിഥികളായെത്തുന്നു. സംവിധായാകരായ പോള്‍ കോക്‌സ് (ആസ്‌ട്രേലിയ), പയറി യമാഗോ (ബുര്‍ക്കിനോ ഫാസ), അലെന്‍ ഗോമിസ് (ആഫ്രിക്ക) സൗലിമാന്‍ സിസി (മാലി,പശ്ചിമാഫ്രിക്ക),കാതറീന്‍ മസൂദ് (ബംഗ്ലദേശ്) നടിയും സംവിധായികയുമായ ഹെലേന ഇഗ്നസ് (ബ്രസീല്‍) തുടങ്ങിയവര്‍ സജീവ സാന്നിധ്യമായി മേളയ്ക്കുണ്ടാകും. ഇന്ത്യയില്‍ നിന്നും ദീപാമേത്ത, ഗോവിന്ദ് നിഹലാനി ,ജാനു ബറുവ, ഗിരീഷ് കാസറവള്ളി, ഋതുപര്‍ണ്ണ ഘോഷ്, എം.കെ റെയ്‌ന, അരുണാ  വാസുദേവ് തുടങ്ങിയവരും അതിഥികളായെത്തും.
മികച്ച തിരക്കഥയ്ക്കും സംവിധാനത്തിനും   നിരവധി പുരസ്‌ക്കരങ്ങള്‍ നേടിയിട്ടുള്ള  പോള്‍ കോക്‌സ് ജൂറി അദ്ധ്യക്ഷന്‍ കൂടിയാണ്. ആഫ്രിക്കയിലെ പ്രശസ്തനായ ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമാണ്  പിയറി യമാഗോ. റിട്രോസ്‌പെക്ടീവ്  വിഭാഗത്തില്‍ ഇദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.  സൗലിമാന്‍ സിസി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിപ്രൈസ് നേടിയിട്ടുണ്ട്. കാനില്‍ ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ദ ക്ലേ ബേര്‍ഡി ന്റെ നിര്‍മ്മാതാവായ ബംഗ്ലാദേശ് ഫിലിംമേക്കര്‍ താരേക് മസൂദിന്റെ ഭാര്യ കാതറിന്‍ മസൂദും  അറുപത്തിമൂന്നാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രം  ഐ ആം കലാമിന്റെ സംവിധായകന്‍ നിള മദബ് പാണ്ടയും ചില്‍ഡ്രന്‍സ് പാനലിസ്റ്റാണ്.
ലോകസിനിമയെ പ്രതിനിധീകരിച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകനായ പി .കെ.നായരെ കുറിച്ച് സെല്ലുലോയ്ഡ് മാന്‍ എന്ന ഡോക്കുമെന്റെറി സംവിധാനം ചെയ്ത ശിവേന്ദര്‍ ദുല്‍ഗാപൂര്‍, പോളിഷ് സംവിധായകന്‍ ഫിലിപ്പ് മാര്‍ക്‌സ്സെവിസ്‌കിയും  ബംഗാളി സംവിധായകന്‍ ആഥേയ പാര്‍ത്ഥരാജന്‍,  തുടങ്ങിയ 15 സംവിധായകരും പങ്കെടുക്കും.
ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായുള്ള ട്രിഗര്‍ പിച്ചില്‍ ശശികുമാര്‍, അയിഷാ കഗള്‍, ശ്യാം ഷ്‌റാഫ് തുടങ്ങിയവരും ഛായാഗ്രാഹകരെ പ്രതിനിധീകരിച്ച് സന്തോഷ് ശിവനും അനില്‍മേത്തയും പങ്കെടുക്കും. സയിബാല്‍ ചാറ്റര്‍ജി, ഉമാ ദാ കുന്‍ഹ, ഫാബ്രിസിയോ ഫെരാരി, മാര്‍ഗറിറ്റ സീഗേ, നമിതാ ദിവാന്‍ തുടങ്ങിയ പതിനൊന്ന് പത്രപ്രവര്‍ത്തകരും മേളയില്‍ അതിഥികളായെത്തുന്നുണ്ട്. 

No comments:

Post a Comment