Wednesday, 5 December 2012

ഡെലിഗേറ്റ്‌ സെല്‍ ഉദ്‌ഘാടനം ചെയ്‌തു

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ സെല്‍ തിരുവനന്തപുരത്ത്‌ ടാഗോര്‍ തിയറ്റര്‍ പരിസരത്ത്‌ പ്രമുഖ സിനിമ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കെ.ആര്‍.മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. മേളയുടെ പാസ്സും കിറ്റും ഉപഹാരവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനില്‍ നിന്നും കെ ആര്‍ മോഹന്‍ സ്വീകരിച്ചു.
40 കോടിയുടെ ഇന്ത്യന്‍ ചലച്ചിത്രമേളയും 4 കോടിയുടെ കേരള ചലച്ചിത്രമേളയും തമ്മില്‍ താരതമ്യം ചെയ്യുന്നത്‌ അടിസ്ഥാനരഹിതമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ കെ.ആര്‍.മോഹന്‍ പറഞ്ഞു. സിനിമയുടെ ഉള്ളടക്കവും ഡെലിഗേറ്റുകളുടെ പങ്കാളിത്തവും കൊണ്ട്‌ കേരള രാജ്യാന്തര ചലച്ചിത്രമേള വ്യത്യസ്‌തമാണ്‌. തൊട്ടടുത്തിരിക്കുന്നവരെ പരിഗണിച്ചാകണം ഡെലിഗേറ്റുകള്‍ പെരുമാറേണ്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞപ്രാവശ്യത്തെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള തുടക്കമായിട്ടാണ്‌ വിപുലമായ രീതിയില്‍ ഡെലിഗേറ്റ്‌ സെല്‍ ഒരുക്കിയിരിക്കുന്നതെന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞു. ഇവിടെ നിന്നും ഡെലിഗേറ്റുകള്‍ക്ക്‌ പരമാവധി സൗകര്യം ലഭ്യമാകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ സ്വാഗതവും ഡെലിഗേറ്റ്‌ സെല്‍ കണ്‍വീനര്‍ സന്ദീപ്‌ സേനന്‍ നന്ദിയും രേഖപ്പെടുത്തി. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍, സിനിമ നിര്‍മ്മാതാവ്‌ സുരേഷ്‌കുമാര്‍, സംവിധായകന്‍ ജോഷി മാത്യു, ബാബു ചെറിയാന്‍,കല്ലിയൂര്‍ ശശി , ഇടവേള ബാബു, ഭാഗ്യലക്ഷ്‌മി തുടങ്ങിയവര്‍ പങ്കെടുത്തു.
വിശാലമായ പവലിയനില്‍ 9 കൗണ്ടറുകളിലായിട്ടാണ്‌ ഡെലിഗേറ്റ്‌ സെല്‍ ക്രമീകരിച്ചിരിക്കുന്നത്‌. ഡെലിഗേറ്റുകള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്കും സ്‌നാക്‌സ്‌ കോര്‍ണറും വിശ്രമസൗകര്യവും ഒരുക്കിയിരിക്കിയിട്ടുണ്ട്‌.

No comments:

Post a Comment