Saturday 8 December 2012

നിളയില്‍ പ്രദര്‍ശനം ഇന്നുമുതല്‍


കൈരളി തിയേറ്റര്‍ സമുച്ചയത്തില്‍ സജ്ജമാക്കിയ 'നിള'യില്‍ ഇന്ന്‌ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച്‌ അഡോളസന്‍സ്‌ വിഭാഗത്തിലെ ബെല്ലെ എപൈനാണ്‌ ഉദ്‌ഘാടന ചിത്രം. റബേക്ക സ്‌ളോട്ടോവിസ്‌തോ സംവിധാനം ചെയ്‌ത ചിത്രം രാവിലെ 9.30 ന്‌ തുടങ്ങും. മേളയുടെ മൂന്നാം ദിവസമായ ഇന്ന്‌ ലോകസിനിമാ വിഭാഗത്തില്‍ ഒരു ഏഷ്യന്‍ പ്രിമിയറും ഒരു ഇന്ത്യന്‍ പ്രിമിയറും ഉള്‍പ്പെടെ 54 ചിത്രങ്ങളാണ്‌ വിവിധ തീയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്നത്‌.

നിതിന്‍ കക്കറിന്റെ ഹിന്ദി ചിത്രമായ ഫിലിമിസ്‌താന്‍, മെര്‍സാക്‌ അലൗചെയുടെ ദ റിപ്പന്റെന്റ്‌, അലി മൊസാഫയുടെ ദ ലാസ്റ്റ്‌ സ്റ്റെപ്പ്‌, മന്നി പാലോയുടെ സ്റ്റാ.നിന, ജോയ്‌ മാത്യു സംവിധാനം ചെയ്‌ത ഷട്ടര്‍, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്നിവ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തനുമിടയില്‍ ജീവിത പോരാട്ടം നടത്തുന്ന ചായോ എന്ന സ്‌ത്രീയെ പ്രമേയമാക്കി എന്‍റിക്‌ റിവറോ സംവിധാനം ചെയ്‌ത സ്‌പാനിഷ്‌ ചിത്രം മയ്‌ മോറേറിന്റെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം ഇന്നുണ്ട്‌. ഇന്ത്യന്‍ പ്രീമിയറായ വിന്‍സെന്റ്‌ ആല്‍വ്‌സ്‌ ഡോയുടെ ഫ്‌ളോര്‍ബെല പോര്‍ച്ച്‌ഗീസ്‌ കവയത്രി ഫ്‌ളോര്‍ബെല എസ്‌പാന്‍കായുടെ ജീവിതകഥയാണ്‌ വരച്ചുകാട്ടുന്നത്‌. ക്രൂരനായ ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ മാതൃസ്‌നേഹം വരുത്തുന്ന മാറ്റം ചിത്രീകരിച്ച്‌ വെന്നീസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം നേടിയ കിം കി ഡുക്കിന്റെ പിയാത്ത പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകും.

മലയാള സിനിമാ വിഭാഗത്തില്‍ നിന്നും അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്‌, ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം എന്നിവ പ്രദര്‍ശിപ്പിക്കും.

ലോകസിനിമ വിഭാഗത്തില്‍ നിന്നും 26 ചിത്രങ്ങളും ടോപ്‌ ആംഗിള്‍, ഫിലിം ഓണ്‍ അഡോളസണ്‍സ്‌, കണ്‍ട്രി ഫോക്കസ്‌: വിയറ്റ്‌നാം വിഭാഗങ്ങളില്‍ നിന്നും മൂന്ന്‌ ചിത്രങ്ങള്‍ വീതവും ഇന്റീജീനിയസ്‌ ഓസ്‌ട്രേലിയ, ശ്രീലങ്കന്‍, ഇന്ത്യന്‍ സിനിമ വിഭാഗങ്ങളില്‍ നിന്നും ഓരോ ചിത്രവും അലെന്‍ റെനെ, പോള്‍ കോക്‌സ്‌, പിയറി യെമാഗോ, ഹെലേന ഇഗ്നസ്‌, അകിരാ കുറസോവ എന്നീ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

ധന്യ തീയേറ്ററില്‍ രാവിലെ 9.15നും രമ്യ തീയേറ്ററില്‍ വൈകീട്ട്‌ 9.00 മണിക്കും പ്രദര്‍ശനമുണ്ടായിരിക്കുന്നതല്ല.

No comments:

Post a Comment