Saturday, 8 December 2012

മേളയും ഡിജിറ്റലിലേയ്‌ക്ക്‌

സാങ്കേതിക വിദ്യയ്‌ക്കനുസരിച്ച്‌ സിനിമയുടെ റീലുകള്‍ മാറുകയാണ്‌. ഫിലിമില്‍ നിന്നും പൂജ്യം ഒന്ന്‌ പൂജ്യം ഒന്ന്‌ �.�.. എന്ന സംഖ്യാവിന്യാസത്തിലുള്ള ഡിജിറ്റലിലേയ്‌ക്ക്‌. സിനിമ മാറുന്നതനുനസരിച്ച്‌ മേളകള്‍ക്കും മാറ്റം അനിവാര്യമാകുന്നു. പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയും ഡിജിറ്റലിലേയ്‌ക്കുള്ള ചുവടുമാറ്റത്തിന്റെ പാതയിലാണ്‌. 198 ചിത്രങ്ങളില്‍ 80 എണ്ണവും ഡിജിറ്റല്‍ സിനിമ പ്രൊജക്ഷന്‍ എന്ന ഡി സി പി വഴിയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ എന്നതാണ്‌ ഇത്തവണത്തെ മേളയുടെ പ്രത്യേകത.

ഡി സി പി യില്‍ ഹാര്‍ഡ്‌ ഡിസ്‌കിലാണ്‌ ചിത്രങ്ങള്‍ സൂക്ഷിക്കുക. വിതരണക്കാര്‍ ഈ ഡിസ്‌ക്കുകള്‍ തിയറ്ററില്‍ നേരത്തെ എത്തിക്കും. അതിനുശേഷം പ്രൊജക്‌റ്ററിന്റെയും മറ്റും സാങ്കേതിക -പ്രദര്‍ശന വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറിയാല്‍ കെ ഡി എം (കീ ഡെലിവറി മെസ്സേജ്‌) എന്ന രഹസ്യനമ്പര്‍ നല്‍കും. ഈ നമ്പര്‍ പ്രൊജറ്ററിനോടൊപ്പമുള്ള കംപ്യൂട്ടറില്‍ ഫീഡ്‌ ചെയ്യുബോള്‍ മാത്രമെ ഡി സി പി തുറക്കാനും ചിത്രം പ്രദര്‍ശിപ്പാനും കഴികയുള്ളു. പ്രദര്‍ശനത്തിനു പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്ക്‌ മുന്‍പു മാത്രമാണ്‌ കെ ഡി എം നമ്പര്‍ ലഭിക്കുകയുള്ളുവെന്നതാണ്‌ പ്രദര്‍ശനശാലകള്‍ നേരിടുന്ന വെല്ലുവിളി. മിനിറ്റുകള്‍ക്ക്‌ മുന്‍പ്‌ ലഭിക്കുന്ന കെ ഡി എമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മതി എല്ലാം തകിടം മറിയാന്‍. ഒരു പ്രദര്‍ശനത്തിന്‌ നല്‍കുന്ന കെ ഡി എം മറ്റൊരു പ്രദര്‍ശത്തിനോ മറ്റൊരു പ്രൊജക്‌ടറിലോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അനുവദിച്ച സമയത്ത്‌ തന്നെ പ്രദര്‍ശിപ്പിക്കുകയും വേണം. മേളകളിലെ ചിത്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നാണ്‌ വരുന്നത്‌. വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതില്‍ ഇ മെയിലാണെങ്കില്‍ കൂടി പകല്‍ -രാത്രി സമയങ്ങളിലെ വ്യത്യാസങ്ങള്‍ ദിവസങ്ങളുടെ താമസംവരുത്താനുള്ള സാധ്യതയുണ്ട്‌.

ഡി സി പി യില്‍ 2കെ റിസല്യൂഷനിലാണ്‌ സിനിമ ആലേഖനം ചെയ്യുന്നത്‌. അതായത്‌ 2048 ഃ 1080 പിക്‌സല്‍സില്‍. ഇത്‌ കാണിക്കാന്‍ 2കെ പ്രൊജക്‌ടര്‍ വേണം. സമീപ ഭാവിയില്‍ത്തന്നെ ഇത്‌ 4കെ (4096 ഃ 2160) യിലേയ്‌ക്കു മാറുന്നതിനുള്ള തയ്യാറെപ്പുകള്‍ നടന്നുവരികയാണ്‌. അമേരിക്കയില്‍ 1999 ജൂണില്‍ സ്റ്റാര്‍ വാര്‍ എപ്പിസോഡ്‌ 1 എന്ന ചിത്രമാണ്‌ ലോകത്താദ്യമായി ഡി സി പി നടന്ന പ്രദര്‍ശനം.

ചിത്രങ്ങളുടെ വ്യാജപ്പതിപ്പുകള്‍ക്ക്‌ സാധ്യതയില്ലെന്നുള്ളതാണ്‌ ഡി സി പി സംവിധാനത്തിന്‌ കൂടതല്‍ സ്വീകാര്യത ലഭിക്കുന്നത്‌. തിയറ്ററില്‍ നിന്നും ചിത്രങ്ങള്‍ തരപ്പെടുത്തുന്നത്‌ പിടിക്കപ്പെടുകയാണെങ്കില്‍ എവിടെ നിന്ന്‌, എപ്പോഴാണ്‌, എന്നെല്ലാം രഹസ്യ വാട്ടര്‍മാര്‍ക്കിലൂടെ തിരിച്ചറിയാനും കുറ്റവാളികളെ എളുപ്പം കണ്ടെത്താനും കഴിയും. ഫിലിം പെട്ടികളുടെ നീക്കം വരുത്തിവയ്‌ക്കുന്ന ഭാരിച്ച ചെലവ്‌ ഗണ്യമായി കുറയ്‌ക്കാന്‍ കഴിയുന്നൂ എന്നതും ഫിലിമിന്‌ കാലക്രമേണ ഉണ്ടാകുന്ന നാശം ഡി സിപിയ്‌ക്കില്ലെന്നതും ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രത്യേകതയാണ്‌,

ഡി സി പി പ്രദര്‍ശനങ്ങളുടെ സമയക്രമം പാലിച്ചില്ലെങ്കില്‍ പലചിത്രങ്ങളും ഒഴിവാക്കേണ്ടിവരുമെന്നതാണ്‌ പ്രദര്‍ശനശാലകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി.  

No comments:

Post a Comment